തേഞ്ഞിപ്പലം: പൗരത്വഭേദഗതി ബില്ലിനെ സുപ്രീംകോടതിയിൽ ചോദ്യംചെയ്യുന്നതിനൊപ്പം രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ നടത്തുകയും വേണമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ സെമിനാർ ഉദ്ഘാടനത്തിനെത്തിയ കാരാട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

നിയമനിർമാണത്തിലെ ഏറ്റവും അപകടകരമായതാണ് പൗരത്വഭേദഗതി. ഭരണഘടനയിൽ പറയുന്ന മതേതര ജനാധിപത്യം എന്ന തത്ത്വത്തിന്റെ വേരറക്കുന്നതാണിത്. ഇതിനെതിരേ അസമിലും വടക്കുകിഴക്കൻ ഭാഗങ്ങളിലും നേരത്തേതന്നെ വലിയ പ്രതിഷേധമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് സംസ്ഥാന സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സുമായി ചേർന്ന് നടത്തിയ ‘ജനാധിപത്യത്തിന്റെ ജനാധിപത്യവത്കരണം’ എന്ന ദേശീയ സെമിനാർ ഉദ്ഘാടനത്തിനാണ് പ്രകാശ് കാരാട്ട് എത്തിയത്.

ഹിന്ദുത്വ ദേശീയതയാണ് ഭരണകക്ഷിയായ ബി.ജെ.പി. മുന്നോട്ടുവെക്കുന്നത്. ഇത് രാജ്യത്തിന്റെ മതേതരസ്വഭാവം ഇല്ലാതാക്കും. എല്ലാ പൗരൻമാർക്കും തുല്യതയെന്ന ഭരണഘടനാതത്ത്വമാണ് ലംഘിക്കപ്പെടുന്നത്. ജിന്നയ്ക്ക് മുൻപേതന്നെ ദ്വിരാഷ്ട്രവാദം സവർക്കർ ഉന്നയിച്ചിരുന്നു. ഹിന്ദു രാഷ്ട്രവാദമാണ് ഇപ്പോൾ നടപ്പാക്കുന്നത്.

പൗരത്വഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും തുടക്കംമാത്രമാണ്. അടുത്ത സെൻസസോടെ രണ്ടുതരം പൗരൻമാർ സൃഷ്ടിക്കപ്പെടും. ഹിന്ദു, മുസ്‌ലിം എന്നിങ്ങനെ ഗ്രാമങ്ങളിൽപ്പോലും വിഭജനമുണ്ടാകും -പ്രകാശ് കാരാട്ട് പറഞ്ഞു.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫ. ആർ. രാംകുമാർ മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാർ ഡോ. സി.എൽ. ജോഷി അധ്യക്ഷനായി. സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. കെ.പി. വിനോദ്‌കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. ദിംപി ദിവാകരൻ, ഡോ. പി.പി. അബ്ദുൽറസാഖ്, ഡോ. എൻ. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. സെമിനാർ 14-ന് സമാപിക്കും.