പൂക്കോട്ടുംപാടം: കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പർ ലോട്ടറി വില്പന നടത്തിയയാൾ പിടിയിലായി. കരുളായി ചെട്ടി പൂവത്തിക്കുന്നൻ സക്കീറി (37) നെ അങ്ങാടിയിൽവെച്ച് ചൊവ്വാഴ്ച രാവിലെ 11-നാണ് പൂക്കോട്ടുംപാടം എസ്.ഐ. രാജേഷ് അയോടൻ അറസ്റ്റുചെയ്തത്.
വാട്സ് ആപ്പ് വഴിയും ഇയാൾ ഇടപാട് നടത്തിയിരുന്നു. പ്രതിയിൽ നിന്ന് 5,500 രൂപയും മൂന്നക്ക നമ്പർ എഴുതിയ സ്ലിപ്പുകളും പിടിച്ചെടുത്തു. എ.എസ്.ഐ. വി.കെ. പ്രദീപ്, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, മുജീബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.