പൊന്നാനി: പൊന്നാനി ഹാർബറിൽ പ്രളയമാലിന്യങ്ങൾ തള്ളുന്നതിൽ പ്രതിഷേധിച്ച ലീഗ് പ്രവർത്തകർക്കുനേരേ പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പൊന്നാനി മേഖലയിൽ വ്യാഴാഴ്ച നടത്തിയ ഹർത്താൽ പൂർണം.

കടകൾ അടഞ്ഞുകിടന്നു. പൊന്നാനി നഗരസഭാപരിധിയിൽ സ്വകാര്യ ബസുകൾ ഓടിയില്ല. എന്നാൽ കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തി. സ്വകാര്യ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയിരുന്നു.

സ്വകാര്യസ്ഥാപനങ്ങൾ പലതും പ്രവർത്തിച്ചില്ല. വിദ്യാലയങ്ങൾ അടഞ്ഞുകിടന്നു. ഓഫീസുകളിലും ഹാജർനില വളരെ കുറവായിരുന്നു. ബാങ്കുകളൊന്നും പ്രവർത്തിച്ചില്ല. എടപ്പാളിൽനിന്നു വരുന്ന സ്വകാര്യബസുകൾ ബിയ്യം വരെയും ചാവക്കാട് ഭാഗത്തുനിന്ന് വരുന്ന ബസുകൾ പുതുപൊന്നാനി വരെയും തവനൂർ ബസുകൾ നരിപ്പറമ്പ് വരെയും പുത്തൻപള്ളി ബസുകൾ പുറങ്ങ് വരെയുമാണ് സർവീസ് നടത്തിയത്. കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ നടത്തി.

ഹർത്താലിന്റെ ഭാഗമായി പ്രകടനത്തിനെത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വാക്‌തർക്കത്തിനിടയാക്കി. യു.ഡിഎഫ്. പ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. സമാപനയോഗം അശ്‌റഫ് കോക്കൂർ ഉദ്ഘാടനംചെയ്തു. വി.പി. ഹുസൈൻകോയ തങ്ങൾ, സിദ്ദീഖ് പന്താവൂർ, അഹമ്മദ് ബാഫഖി തങ്ങൾ, ഷാനവാസ് വട്ടത്തൂർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് വി.വി. ഹമീദ്, സി. ജോസഫ്, എം. അബ്ദുൽലത്തീഫ്, യു. മുനീബ്, കെ.എ. റഊഫ്‌ തുടങ്ങിയവർ നേതൃത്വംനൽകി.

ഇരുനൂറ്റൻപതോളം പേർക്കെതിരേ കേസ്

പൊന്നാനി: വ്യാഴാഴ്ച ലാത്തിച്ചാർജിനെ തുടർന്ന്‌ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൗൺസിലർമാരെയും മറ്റും വീൽച്ചെയറും സ്ട്രച്ചറും ഉപയോഗിച്ച് നഗരസഭയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ നൂറോളംപേർക്കെതിരേ പോലീസ് കേസെടുത്തു.

ആശുപത്രിയിലെ മൂന്ന് വീൽച്ചെയറും ഒരു സ്ട്രച്ചറും ബലം പ്രയോഗിച്ച് യു.ഡി.എഫ്. പ്രവർത്തകർ എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്ന് സി.ഐ സണ്ണി ചാക്കോ പറഞ്ഞു. നഗരസഭയുടെ കവാടം തകർത്തതിനും ഹാർബറിലേക്ക് മാലിന്യമായിവന്ന ലോറി തടഞ്ഞതിനും കണ്ടാലറിയുന്ന നൂറ്റൻപതോളം പേർക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.