പൊന്നാനി: സോളാർ പാനലിൽനിന്ന് അധികവൈദ്യുതി ഉത്‌പാദിപ്പിച്ച് വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പൊന്നാനി സബ്‌സ്റ്റേഷനിൽ സൗരോർജപാനലുകൾ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം 10-ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും.

500 കിലോവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാവുന്ന സൗരോർജപ്ളാന്റാണ് സബ്‌സ്റ്റേഷന് തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ളത്. 1680 സോളാർ പാനലുകളുടെ സഹായത്തോടെ ദിവസവും 2500 ഓളം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനാവും. സംസ്ഥാന സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും കീഴിലാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ഇത്തരം സോളാർ പവർ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങുന്നത്. ജില്ലയിൽ നിലവിൽ കുറ്റിപ്പുറത്ത് മാത്രമാണ് ഇത്തരത്തിൽ സൗരോർജ്ജപ്ലാന്റുള്ളത്.

3. 4 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. സൗരോർജപാനൽവഴി ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് അഞ്ഞൂറിലധികം വീടുകളിലേക്ക്‌ ആവശ്യമായ വൈദ്യുതി നൽകാനാവും. പദ്ധതിയുടെ ആദ്യവർഷത്തെ പൂർണചുമതല കെൽട്രോണിനാണ്. തുടർന്ന് പ്രവർത്തനച്ചുമതല കെ.എസ്.ഇ.ബിക്ക് കൈമാറും.

Content Highlights: Ponnani SubStation