പൊന്നാനി: വൈദ്യുതി ബോർഡിന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ തുടങ്ങുന്ന 0.5 മെഗാവാട്ട് സോളാർ വൈദ്യുതിനിലയം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നാടിന് സമർപ്പിച്ചു.
വൈദ്യുതിയാണ് ജീവിതത്തിലെ എല്ലാതരത്തിലുള്ള സൗകര്യ നിലവാരങ്ങളെയും മാറ്റിമറിക്കുന്നതെന്നും, വൈദ്യുതി ഉത്‌പാദിപ്പിക്കാൻ കഴിയാത്ത സമൂഹം കാലത്തിന് പിറകോട്ട് നടക്കുന്ന സമൂഹമാണെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യേതര ഊർജ സ്രോതസുകളിൽനിന്ന് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സർക്കാർ നയപ്രകാരമാണ് പൊന്നാനി സബ്സ്റ്റേഷനിൽ സൗരോർജ നിലയം സ്ഥാപിച്ചത്. 500 കിലോവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാവുന്ന സോളാർ പവർ പ്ലാന്റാണ് സബ്സ്റ്റേഷന് തൊട്ടടുത്തായി സ്ഥാപിച്ചത്. 1680 സോളാർ പ്ലാന്റുകളുടെ സഹായത്തോടെ ദിവസവും 2500-ഓളം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനാവും. പദ്ധതിയുടെ ആദ്യ വർഷത്തെ പൂർണചുമതല കെൽട്രോണിനാണ്. പിന്നീട് കെ.എസ്.ഇ.ബിക്ക് കൈമാറും.
പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനീയർ രാജൻ ജോസഫ്, ആർ.ഇ.ഇ.എസ്. ചീഫ് എൻജിനീയർ വി.കെ. ജോസഫ്, കൗൺസിലർമാരായ ബാബുരാജ്, കെ. ഗണേശൻ, സി.പി.ഐ. എൽ.സി. സെക്രട്ടറി എൻ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു