പൊന്നാനി: അയൽ സംസ്ഥാന തൊഴിലാളിയുടെ ഫോൺമോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കുറ്റിപ്പുറം മൂടാൽ പെരുമ്പറമ്പ് പൈങ്കണ്ണൂർ സ്വദേശി പള്ളിയാൽ പറമ്പിൽ പ്രമോദിനെ (20)യാണ് പൊന്നാനി സി.ഐ. സണ്ണിചാക്കോയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇതേസമയം തന്നെ കുഞ്ഞിനെ തൃശ്ശൂർ മെഡിക്കൽകോളേജിൽ ഉപേക്ഷിച്ച് മുങ്ങിയ കേസിൽ പ്രമോദിന്റെ ഭാര്യയേയും അറസ്റ്റുചെയ്തു. യുവതിയെ തൃശ്ശൂർ മെഡിക്കൽകോളേജ് പൊലീസെത്തിയാണ് അറസ്റ്റ് ചെയ്തത്

വ്യാഴാഴ്ച രാത്രി എട്ടേകാലോടെ വെളിയങ്കോട് വെച്ചാണ് പ്രമോദ് ഫോൺ മോഷ്ടിച്ചത്. ഭാര്യക്കും കുട്ടിക്കുമൊപ്പം ബൈക്കിലെത്തിയ പ്രമോദ്, വെളിയങ്കോട് ചെറിയപള്ളിക്കുസമീപം റോഡരികിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയുടെ ഫോൺചെയ്യാനെന്ന പേരിൽ വാങ്ങുകയും തിരിച്ചുനൽകാതെ ബൈക്കിൽ സ്ഥലംവിടുകയുംചെയ്തു.

ഫോണിന്റെ കവറിൽ 2000 രൂപയുമുണ്ടായിരുന്നു. പുതുപൊന്നാനി പാലത്തിൽ സ്ഥാപിച്ച സി.സി.ടി.വി. പരിശോധിച്ചതിൽനിന്ന് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുകയും ഇയാളുടെ ദൃശ്യം നവ മാധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയുംചെയ്തു. കുറ്റിപ്പുറം പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. ഈ വിവരമറിഞ്ഞാണ് തൃശ്ശൂർ പോലീസെത്തിയത്.

Content Highlights: Ponnani police arrested youth in mobile theft case, his wife also arrested in another case