പൊന്നാനി: പൊന്നാനിയിൽ നിളയോരത്ത് പച്ചത്തുരുത്ത് ഒരുങ്ങുന്നു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിലാണ് വരുംതലമുറയ്ക്കായി ഒത്തൊരുമയുടെ പച്ചത്തുരുത്ത് ഒരുങ്ങുന്നത്. പൊന്നാനിയുടെ വിവിധ മേഖലയിലുള്ളവർ ചേർന്ന് ഒരുമയോടെ െവച്ചുപിടിപ്പിക്കുന്ന പച്ചത്തുരുത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടക്കംകുറിച്ചു.

ജനപ്രതിനിധികളും വിദ്യാർഥികളും പ്രകൃതിസ്‌നേഹികളും സന്നദ്ധപ്രർത്തകരും പൊതുപ്രവർത്തകരും ചേർന്ന് 500 ലേറെ തൈകളാണ് ഒരുമിച്ച് വെള്ളവും വളവും നൽകി െവച്ചുപിടിപ്പിച്ചത്. നവകേരള സൃഷ്ടിക്കായുള്ള കേരള സർക്കാരിന്റെ ഹരിതകേരള മിഷൻ ഇത്തവണത്തെ പരിസ്ഥിതിദിനത്തോടൊപ്പം ആരംഭിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്.

പൊന്നാനികർമ്മ റോഡിന് സമീപം നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാന കോമ്പൗണ്ടിലാണ് നഗരസഭ പച്ചത്തുരുത്തുണ്ടാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തകർക്കായിരിക്കും തുടക്കംതൊട്ട് മൂന്നുമുതൽ അഞ്ചുവർഷംവരെയുള്ള പരിപാലനച്ചുമതല. പൊന്നാനി നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.