പൊന്നാനി: പൊന്നാനിയിൽ ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് സമുച്ചയ നിർമാണം എട്ടുമാസംകൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഫ്ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

നിലവിലുള്ള 128 ഫ്ളാറ്റുകൾ 225 ഫ്ളാറ്റുകളാക്കി ഉയർത്തും. ഒരു നിലകൂടി നിർമിച്ച് വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിലുള്ളവർക്കുകൂടി പുനരധിവാസം സാധ്യമാക്കുമെന്നും അവർ പറഞ്ഞു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു.

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്നത്. ഫിഷിങ്‌ ഹാർബറിലെ 2 ഏക്കർ സ്ഥലത്താണ് ഫ്ളാറ്റ് സമുച്ചയം പണിയുക. സമുച്ചയത്തിനുള്ളിൽ കമ്യൂണിറ്റിഹാൾ, അങ്കണവാടി, തൊഴിൽ പരിശീലന കേന്ദ്രം, തീര മാവേലിസ്റ്റോർ ഉൾപ്പെടെയുള്ള കോമൺഫെസിലിറ്റി സെന്ററുകളും നിർമിക്കും. നഗരസഭാ അധ്യക്ഷൻ സി.പി. മുഹമ്മദ്‌കുഞ്ഞി ചടങ്ങിൽ അധ്യക്ഷതവഹിച്ചു.