പൊന്നാനി: പോലീസ് സ്‌റ്റേഷന് സമീപത്തെ ആനപ്പടി പെട്രോൾ പമ്പിലെ ഡീസൽ ലീക്കായി റോഡിലേക്ക് പരന്നൊഴുകി. റോഡിൽ നിരവധി വാഹനങ്ങൾ തെന്നിവീണു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പൊന്നാനി ആനപ്പടി പെട്രോൾ പമ്പിൽ ഡീസൽ ചോർച്ചയുണ്ടായത്. കഴിഞ്ഞദിവസം പമ്പിലെ ഇന്ധനം നിറയ്ക്കുന്ന ടാങ്ക് കേടായിരുന്നു. തുടർന്ന് കഴിഞ്ഞദിവസമുണ്ടായ മഴയിൽ ടാങ്കിലെ ചോർച്ചയുള്ള ഭാഗത്ത് കൂടി മഴവെള്ളം കയറുകയും ചെയ്തു.

കേടായ ടാങ്ക് ശരിയാക്കാനായി മറ്റൊരു വാഹനത്തിൽ കയറ്റുന്നതിനിടെ ടാങ്കിലെ ഡീസൽ ചോരുകയും, റോഡിലേക്ക് പരന്നൊഴുകുകയും ചെയ്തു. തുടർന്ന് ഇതുവഴിയെത്തിയ ഇരുചക്രവാഹനങ്ങൾ റോഡിൽ തെന്നി വീഴുകയും, ഇവർ പൊന്നാനി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് ഫയർഫോഴ്‌സ് സ്ഥലത്തെത്തി വെള്ളമൊഴിച്ച് ഇന്ധനം നീക്കം ചെയ്തു. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ ഇന്ധന ചോർച്ചയുണ്ടായെങ്കിലും വലിയ അപകടങ്ങൾ ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.

Content Highlights: Ponnani diesel leak in petrol pump