പൊന്നാനി: വൈവിധ്യമാർന്ന ബൊമ്മകൾകൊണ്ട് ബൊമ്മക്കൊലു ഒരുക്കി പൊന്നാനി തൃക്കാവിലെ ബ്രാഹ്മണഗൃഹങ്ങൾ നവരാത്രി ആഘോഷത്തിനൊരുങ്ങി. ഞായറാഴ്ച രാവിലെ ക്ഷേത്രങ്ങളിൽ പൂജ ആരംഭിക്കുന്നതോടെ ബൊമ്മക്കൊലുവിനും പൂജനടക്കും. എല്ലാദിവസവും രാവിലെയും വൈകീട്ടും ബൊമ്മക്കൊലു പൂജയുണ്ടാകും. നിവേദ്യവും നൽകും.

വിവിധ തട്ടുകളിൽ പട്ടുവിരിച്ച് അവയിലാണ് ബൊമ്മകൾ നിരത്തുക. ദശാവതാരം, അഷ്ടലക്ഷ്മി, പട്ടാഭിഷേകം, ഗീതോപദേശം തുടങ്ങി വിവിധ സന്ദർഭങ്ങളെക്കുറിക്കുന്ന പാവകളൊരുക്കും. മരപ്പാവകൾക്കാണ് പ്രാധാന്യം.

ബന്ധുക്കളും അയൽവീട്ടുകാരുമെല്ലാം ബൊമ്മക്കൊലു കാണാനെത്തും. എല്ലാവരുംചേർന്ന് ആട്ടവും പാട്ടുമായി ആഘോഷിക്കും. വിജയദശമി ദിവസം തൃക്കാവ് ദുർഗാഭഗവതീക്ഷേത്രത്തിൽ സന്ധ്യക്ക്‌ ദീപാരാധന കഴിഞ്ഞയുടനെ മരപ്പാവകളെ കിടത്തിവെക്കുന്ന ചടങ്ങാണ്. പിന്നീട് മംഗളംപാടി അവസാനിപ്പിക്കും. അടുത്തദിവസം പാവകളെയെല്ലാം പൊതിഞ്ഞ് സൂക്ഷിക്കും. ഓരോവർഷവും കൂടുതൽ പാവകളെ ബൊമ്മക്കൊലുവിൽ ഉൾപ്പെടുത്തും.