പൊന്നാനി : പൊന്നാനി കറുകത്തിരുത്തി വളവിലെ കട കുത്തിത്തുറന്ന് മോഷണം നടത്തിയയാളെ പൊലീസ് പിടികൂടി. പൊന്നാനി അഴീക്കൽ സ്വദേശി മുർഷദാണ് അറസ്റ്റിലായത്. സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈമാസം 20-നാണ് മോഷണം നടന്നത്.

കറുകത്തിരുത്തി വളവിലെ സുൽത്താൻ ഗ്രോസറി പലചരക്കുകടയുടെ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് കടയ്ക്കകത്തുകയറുകയും കടയിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും 5000 രൂപ വിലയുള്ള രണ്ടുപെട്ടി സിഗരറ്റും ബാഗിൽ സൂക്ഷിച്ചിരുന്ന രേഖകളും ഇയാൾ അപഹരിച്ചു.

എന്നാൽ കടയിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ മുഖം വ്യക്തമായി പതിഞ്ഞു. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിക്കുകയും പൊന്നാനി സി.ഐ. മഞ്ജിത്‌ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ഓൺലൈൻ വഴി കോടതിയിൽ ഹാജരാക്കി.