പൊന്നാനി : വ്യാഴാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ പൊന്നാനിയിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. പൊന്നാനി ദേശീയപാതയിലെ ബസ്‌സ്റ്റാൻഡ്‌ ഉൾപ്പടെയുള്ള റോഡുകൾ വെള്ളക്കെട്ടിലാണ്.

കൂടാതെ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്‌, നഴ്സിങ് ഹോം റോഡ്, ചന്തപ്പടി എന്നിവിടങ്ങളിലെല്ലാം പാതകൾ വെള്ളത്തിനടിയിലാണ്.

വേനലിൽ റോഡരികിലെ കാന നവീകരണം ആരംഭിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തോടെ പ്രവൃത്തികൾ പലയിടത്തും നിലച്ചു. റോഡിലെ വെള്ളം കാനവഴി ഒഴുകിപ്പോകുന്നതിന് തടസ്സം നേരിട്ടതോടെയാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായത്.

വരുംദിവസങ്ങളിലും മഴ കനത്താൽ പ്രധാന പാതകളെല്ലാം വെള്ളത്തിൽ തന്നെയാകും. ഇത് റോഡുകൾ തകരാനും കാരണമാവും.