പൊന്നാനി : പൊന്നാനിയിലെ പെരുന്നാൾവിപണികളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നൽപ്പരിശോധന. ഇറച്ചി- മാംസവിൽപ്പന കേന്ദ്രങ്ങളിലും തെരുവുകച്ചവട മേഖലകളിലും പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടി എടുത്തു.

പെരുന്നാൾ തിരക്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നഗരസഭ ആരോഗ്യവിഭാഗം മിന്നൽപ്പരിശോധന നടത്തിയത്. പൊന്നാനി ബസ് സ്റ്റാൻഡ്‌, കൊല്ലൻപടി, ചന്തപ്പടി, കുറ്റിക്കാട്, ചമ്രവട്ടം ജങ്‌ഷൻ, കുണ്ടുകടവ് ജങ്‌ഷൻ എന്നിവിടങ്ങളിലെ ഇറച്ചിക്കടകളിലും മത്സ്യവിൽപ്പന കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്.

സാമൂഹിക അകലം പാലിക്കുന്നതിന് കടകൾക്കുമുന്നിൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ടോക്കൺസമ്പ്രദായം ഏർപ്പെടുത്തി. കൊല്ലൻപടി സെന്ററിലെ റോഡരികിലെ മീൻകച്ചവടം ഒഴിവാക്കുകയും സാമൂഹിക അകലവും സുരക്ഷാ ക്രമീകരണങ്ങളുമില്ലാത്ത തെരുവുകച്ചവടക്കാർക്ക് താക്കീത് നൽകുകയുംചെയ്തു.

നഗരസഭ ബ്രേക്ക് ദി ചെയിൻ സ്പെഷ്യൽ സ്ക്വാഡാണ് പെരുന്നാൾ വിപണിയിൽ പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്, ജെ.എച്ച്.ഐ. സുനിൽകുമാർ, പോലീസ്, അധ്യാപക പ്രതിനിധി എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.