പൊന്നാനി : പൊന്നാനി വൈസ്‌മെൻസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പ്രകൃതിസംരക്ഷണദിനം ആചരിച്ചു. സെന്റ് തോമസ് സ്കൂളിൽ നടന്ന ഫലവൃക്ഷത്തൈകളുടെ വിതരണോദ്‌ഘാടനം കുറ്റിപ്പുറം അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്‌പെക്ടർ വൈസ്‌മെൻ എം.വി. വാസുണ്ണി നിർവഹിച്ചു. വൈസ്‌മെൻ ഇന്റർനാഷണൽ നടപ്പാക്കുന്ന വിവിധ ഹരിതവത്‌കരണ പ്രവൃത്തികൾക്കും തുടക്കമായി. പ്രസിഡന്റ് സക്കീർ ഒതളൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ്‌മെൻ ഇന്റർനാഷണൽ ദേശീയ കൗൺസിൽ അംഗം മുഹമ്മദ് പൊന്നാനി, അഡ്വ. ജിസൻ പി. ജോസ്, എവറസ്‌റ്റ്‌ ലത്തീഫ്, കെ. വർഗീസ്, കബീർ എടക്കയിൽ എന്നിവർ പ്രസംഗിച്ചു.