പൊന്നാനി : നഗരസഭാപരിധിയിലെ ബ്രേക്ക് ദി ചെയിൻ നിയമലംഘനങ്ങൾക്കെതിരേ കർശന പരിശോധനകളും നടപടികളുമായി പൊന്നാനി നഗരസഭ സ്‌ക്വാഡ് പ്രവർത്തനമാരംഭിച്ചു.

വ്യാപാരമേഖലകളിൽ കോവിഡ് 19 പ്രതിരോധ നിബന്ധനകൾ പാലിക്കാതെ കച്ചവടം നടത്തുന്നവരെയും ശരിയായരീതിയിൽ മാസ്‌ക്‌ ധരിക്കാത്തവരെയും പൊതു ഇടങ്ങളിൽ കൂട്ടമായി ഇറങ്ങുന്നവരെയും കണ്ടെത്തുന്നതിനാണിത്. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിനിധി, താലൂക്ക് സപ്ലൈഓഫീസ് ഉദ്യാഗസ്ഥൻ, അധ്യാപകപ്രതിനിധി തുടങ്ങിയവരടങ്ങുന്ന സ്പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്.

വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുക, ഉപഭോക്താക്കൾക്ക് സാനിറ്റൈസർ നൽകാതെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുക, ശരിയായരീതിയിൽ മൂക്കും വായും മറയ്ക്കുന്ന രീതിയിൽ മാസ്‌ക്‌ ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരേയാണ് നടപടികൾ സ്വീകരിച്ചത്. നിയമലംഘനം കണ്ടെത്തിയ ചന്തപ്പടിയിലെ ഒരു തുണിക്കട സ്‌ക്വാഡ് പൂട്ടിച്ചു. ശരിയായരീതിയിൽ മാസ്‌ക്‌ ധരിക്കാത്ത രണ്ടുപേർക്കെതിരേ കേസെടുത്തു. മറ്റു വ്യാപാരസ്ഥാപനങ്ങളിൽ ബ്രേക്ക് ദി ചെയിൻ പാലിക്കുന്നതിന് കർശന നിർദേശംനൽകി.

കഴിഞ്ഞദിവസം പൊന്നാനി നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പും നഗരസഭയും തമ്മിലുള്ള കോ-ഓർഡിനേഷൻ സമിതി യോഗത്തിലാണ് വിവിധ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി സ്‌ക്വാഡ് രൂപവത്‌കരിക്കാൻ തീരുമാനിച്ചത്.

സമ്പർക്കവ്യാപന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുന്ന പൊന്നാനിയിൽ തുടർന്നുള്ള ദിവസങ്ങിളിലും സ്‌ക്വാഡിന്റെ പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ സെക്രട്ടറി ആർ. പ്രദീപ്കുമാർ അറിയിച്ചു. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പി. ശ്രീജിത്ത്, താലൂക്ക് സപ്ലൈ റേഷനിങ്‌ ഇൻസ്‌പെക്ടർ എബി, സിവിൽ പോലീസ് ഉദ്യോഗസ്ഥനായ നിധീഷ്, അധ്യാപകനായ രഞ്ജിത്ത്, നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽകുമാർ എന്നിവർ സ്‌ക്വാഡിന് നേതൃത്വംനൽകി.