പൊന്നാനി : കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ടിരുന്ന പൊന്നാനി മത്സ്യബന്ധനത്തുറമുഖം വീണ്ടും പ്രവർത്തനം തുടങ്ങി. തിങ്കളാഴ്ചയാണ് പ്രവർത്തനാനുമതി ലഭിച്ചത്. ആഴ്ചകളായി കരയിലിരുന്ന ചെറുവള്ളങ്ങൾ കടലിലിറങ്ങിയതോടെ ഇവർക്കും മോശമല്ലാത്ത മത്സ്യലഭ്യതയുണ്ടായി. അയല, ചെമ്പാൻ തുടങ്ങിയ മത്സ്യങ്ങളാണ് ചെറുവള്ളങ്ങൾക്ക് ധാരാളമായി ലഭിച്ചത്. ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത വള്ളങ്ങൾക്ക് മീൻ ലഭിച്ചിരുന്നു. എന്നാൽ ഈ സീസണിൽ കൂടുതൽ ദിവസങ്ങളിലും കരയ്ക്കിരിക്കേണ്ടി വന്നവർക്ക് തീരുമാനം ആശ്വാസമായി.

മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് പൊന്നാനി ഹാർബർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കുന്നതിന് അനുമതിയായത്.

കർശന നിയന്ത്രണങ്ങളോടെയാണ് ഹാർബർ പ്രവർത്തിക്കുക. രാവിലെ ആറുമണി മുതൽ മത്സ്യം ഇറക്കുന്നതിനും വിപണനത്തിനും അനുമതി നൽകി. 12 മണി വരെയാണ് ഹാർബറിന്റെ പ്രവർത്തനസമയമുണ്ടായിരുന്നത്. ഒരേ സമയം 20 പേരെ മാത്രമാണ് ഹാർബറിൽ അനുവദിച്ചത്. പൂർണമായും സാമൂഹിക അകലം പാലിച്ചും, മാസ്ക്‌, ഹാന്റ് സാനിറ്റൈസർ എന്നിവ ഉപയോഗിച്ചാണ് പ്രവർത്തിച്ചത്. അതേസമയം ഹാർബറിൽ ലേലം അനുവദിച്ചില്ല. ട്രോളിങ് നിരോധനത്തിൽ വറുതിയിലായ മത്സ്യമേഖലയിൽ ചെറുവള്ളങ്ങൾക്ക് അനുമതി ലഭിച്ചതോടെ ഉണർവിലാണ് തീരം. പെരുന്നാളിന് ദിവസങ്ങൾമാത്രം ശേഷിക്കെ വരുംദിവസങ്ങളിലും മത്സ്യലഭ്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.