പൊന്നാനി : ലോക്‌ഡൗണും ട്രിപ്പിൾ ലോക്‌ഡൗണും കാരണം മൂന്നാഴ്ചമുൻപ് അടച്ചിട്ട ജില്ലയിലെ പ്രധാന മത്സ്യവിപണന കേന്ദ്രമായ പൊന്നാനി ഫിഷിങ് ഹാർബർ തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. കർശനമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഹാർബർ പ്രവർത്തിക്കുക. ടോക്കൺ അടിസ്ഥാനത്തിലായിരിക്കും മത്സ്യവില്പന. പാരമ്പര്യ മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിക്കുന്നതിനും ജില്ലാകളക്ടർ അധ്യക്ഷനായുള്ള കോവിഡ് അവലോകനസമിതി അനുമതി നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധനം ആയതിനാൽ ബോട്ടുകൾ ഒന്നരമാസത്തിലേറെയായി കടലിൽ ഇറങ്ങിയിരുന്നില്ല. വള്ളക്കാർ മാത്രമാണ് മത്സ്യം പിടിച്ചിരുന്നത്. മൂന്നാഴ്ചയായി ഇവരും കടലിൽ പോയിരുന്നില്ല. ഇതോടെ തീരദേശമേഖലയിൽ മീൻപിടിത്തത്തൊഴിലാളികൾ പട്ടിണിയിലായി. കർശനമായ പോലീസ് നിരീക്ഷണത്തിലായിരിക്കും ഹാർബർ പ്രവർത്തിക്കുക.