പൊന്നാനി : കോവിഡ് വ്യാപനം തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കൽ നടപ്പാക്കാൻ കച്ചവടക്കാരനായ അബു സ്വന്തംവഴി കണ്ടെത്തി. ചെലവില്ലാത്ത ഈ ബദൽ നടപ്പിലാക്കിയത് വീടിനോടുചേർന്ന തന്റെ കടയുടെ മുന്നിൽ. പ്ലാസ്റ്റിക് നാരുകൾ കൊണ്ട് ചിലന്തിവലപോലെ ബാരിക്കേഡ് തീർത്താണ് പുതുപൊന്നാനി സ്വദേശി കരിപ്പോട്ടയിൽ അബു ഈ പ്രതിരോധമൊരുക്കിയത്. സാധനങ്ങൾ വാങ്ങാൻ വരുന്നവരെ ഈ ‘ചിലന്തിവലക്ക്’ പുറത്തുനിർത്തി സാധനങ്ങൾ നൽകുകയാണ് അബു.

ദീർഘകാലം പ്രവാസിയായിരുന്ന അബു നാട്ടിൽ വന്നതിനുശേഷമാണ് ചെറിയ കട തുടങ്ങിയത്. കോവിഡ് വ്യാപനത്തോടെ സാമൂഹിക അകലം പാലിച്ച് വിൽപ്പന നടത്താൻ സാധിക്കാതെവന്നു. അപ്പോഴാണ് ഈ ആശയം മനസ്സിൽവന്നത്. പൊന്നാനിയിൽ ക്യാമ്പ് ചെയ്തിരുന്ന ജില്ലാ മെഡിക്കൽ സംഘത്തിന്റെ ദ്രുതകർമ സേനയ്ക്കും അബുവിന്റെ മാതൃക നന്നേ ബോധിച്ചു. കഴിഞ്ഞദിവസം നടന്ന അവലോകന യോഗത്തിലെ റിപ്പോർട്ടിൽ ഈ മാതൃക സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. യോഗത്തിൽവെച്ച് തന്നെ നഗരസഭ അധ്യക്ഷൻ അബുവിനെ അഭിനന്ദിച്ചു. അബുവിനെ പൊന്നാനി നഗരസഭ ആദരിക്കുകയും ചെയ്തു.