പൊന്നാനി : നഗരസഭാ പരിധിയിലെ മുഴുവൻ കടകളിലും ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ സ്ക്വാഡ് രൂപവത്കരിച്ചു.

ആരോഗ്യവകുപ്പും നഗരസഭയും തമ്മിലുള്ള കോ -ഓർഡിനേഷൻ യോഗത്തിലാണ് വിവിധ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപവത്‌കരിക്കാൻ തീരുമാനമായത്. നഗരസഭ ആരോഗ്യവിഭാഗം, ആരോഗ്യവകുപ്പ് പ്രതിനിധി, പോലീസ്, താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥൻ, അധ്യാപക പ്രതിനിധി തുടങ്ങിയവരടങ്ങുന്നതാണ് സ്ക്വാഡ്.

ആൻറിജൻ ടെസ്റ്റിന് 23, 24 തീയതികളിൽ എത്താത്തവരെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

പൊന്നാനി നഗരസഭ ഓഫീസിൽ ചേർന്ന കോ -ഓർഡിനേഷൻ യോഗത്തിൽ അധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു.

താലൂക്ക് ആശുപ്രതി സൂപ്രണ്ട് ഡോ. ഷാജ്കുമാർ, നഗരസഭ സെക്രട്ടറി ആർ. പ്രദീപ് കുമാർ, ഡോ. ഷെബീർ പി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.