പൊന്നാനി : കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്ക് പരിശോധന നടത്താതെ പൊന്നാനിയിൽ പേരിനുമാത്രം ആന്റിജെൻ പരിശോധന നടത്തിയന്ന് പ്രതിപക്ഷം.

റെഡ്സോൺ മേഖല തരംതിരിച്ചതിലും അധികൃതർക്ക് വീഴ്ചസംഭവിച്ചെന്നും പ്രതിപക്ഷാംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നേരത്തേനടന്ന ആന്റിജെൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കമുള്ളവരെക്കൂടി പരിഗണിക്കാതെ മറ്റു രോഗലക്ഷണമുള്ളവർക്കുമാത്രം രണ്ടാമത് ആന്റിജെൻ പരിശോധന നടത്തിയത് പോസിറ്റീവ് കേസുകൾ കുറച്ചുകാണിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കോവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കംപുലർത്തിയവരുടെ വീടുകളിൽപ്പോലും സർവേസംഘം എത്താത്തത് വലിയ വീഴ്ചയാണ്.

സർവേയിൽ 1300 പേരെ കണ്ടെത്തുകയും പിന്നീട് 700 പേർക്ക് പരിശോധന നടത്തുമെന്ന് പ്രഖ്യാപിക്കുകയും ഒടുവിൽ 350 പേർക്കുമാത്രം പരിശോധന നടത്തുകയുംചെയ്തു. പ്രവാസികൾക്കുപോലും പരിശോധന നടത്താനുള്ള സൗകര്യമൊരുക്കാത്തത് പ്രതിഷേധാർഹമാണ്.

തീരദേശമേഖലയിലുൾപ്പെടെ വിദേശത്തുനിന്നെത്തിയവർ യാതൊരു അടിസ്ഥാനസൗകര്യവുമില്ലാത്ത വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആന്റിജെൻ പോസിറ്റീവായവരെ മഞ്ചേരിയിലേക്ക് കൊണ്ടുപോകാൻ വൈകിയത് അധികൃതരുടെ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് എം.പി. നിസാറും കൗൺസിലർ എൻ. ഫസലുറഹ്‌മാനും പത്രസമ്മേളനത്തിൽ ആരോപിച്ചു.