പൊന്നാനി : കോവിഡ് വ്യാപനമറിയാൻ രണ്ടാം ഘട്ട ആന്റിജെൻ ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശോധനയിൽ രോഗ ലക്ഷണമുള്ളതായി കണ്ടെത്തിയത് 1,300 പേരെ. ഇവരിൽനിന്ന്‌ സൂക്ഷ്മപരിശോധന നടത്തി ടെസ്റ്റിന് വിധേയരാക്കേണ്ടവരായി നിശ്ചയിച്ചത് 700 പേരെ. പൊന്നാനിയിൽ രണ്ട് ദിവസങ്ങളിലായാണ് ടെസ്റ്റ് നടത്തിയത്. നാല് ദിവസങ്ങളിലായി പ്രത്യേക പരിശീലനം ലഭി വൊളന്റിയർമാർ നഗരസഭയിലെ എല്ലാ വീടുകളും കയറിയിറങ്ങിയാണ് വിവരങ്ങൾ ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 1,300 രോഗലക്ഷണമുള്ളവരെ കണ്ടെത്തിയതായി ആരോഗ്യ പ്രവർത്തകർ പറയുന്നു.

ആരോഗ്യ ജീവനക്കാർ, ആശാ വർക്കർമാർ, സന്നദ്ധ സംഘാംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് 51 വാർഡുകളിലും സർവേ നടത്തിയത്. ഇവരിൽനിന്നാണ് 700 പേരെ പരിശോധനയ്ക്ക് വിധേയമാക്കാൻ നിശ്ചയിച്ചത്.

എന്നാൽ ബുധനാഴ്ച നടന്ന യോഗത്തിൽ 266 പേർക്ക് രണ്ട് കേന്ദ്രങ്ങളിലായി ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചത്‌. വെള്ളിയാഴ്ച എത്ര പേർക്ക് ടെസ്റ്റ് നടത്തണമെന കാര്യം വ്യാഴാഴ്ചയാണ് തീരുമാനിച്ചത്. ആദ്യ ദിനത്തിൽ 266 പേർ എത്തേണ്ടിടത്ത് പരിശോധനയ്ക്കെത്തിയത് 232 പേർ മാത്രമായിരുന്നു. വെള്ളിയാഴ്ച 103 പേരുടെ ടെസ്റ്റ് നടത്താനും തീരുമാനിച്ചു. എന്നാൽ ആദ്യദിനം എത്താത്തവരിൽ ചിലർകൂടി പരിശോധനയ്ക്കെത്തിയതോടെ 118 പേരുടെ ടെസ്റ്റ് നടന്നു. ഇതോടെ രണ്ട് ദിവസങ്ങളിലായി 369 പേരെത്തേണ്ടിടത്ത് 350 പേരെത്തി ടെസ്റ്റിന് വിധേയമാക്കി.

350 പേരിൽ അഞ്ച് പേർക്ക് മാത്രമാണ് ആന്റിജെൻ പോസിറ്റീവായത്.

നഗരസഭാ പരിധിയിലെ എല്ലാ വീടുകളിലും സർവേ നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും നിരവധി വീടുകൾ ഉൾപ്പെട്ടിട്ടില്ലെന്നും പറയപ്പെടുന്നു.