പൊന്നാനി : പൊന്നാനിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയോഗിച്ച മെഡിക്കൽ വിദഗ്ദ്ധസമിതി ശുപാർശ സമർപ്പിച്ചു. പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ ഇളവ് അനുവദിക്കുന്നപക്ഷം കർശന ജാഗ്രതയും സാമൂഹിക നിയന്ത്രണവും ഉറപ്പാക്കണമെന്നാണ് സമിതിയുടെ ശുപാർശ. സമഗ്രവും ശാസ്ത്രീയവുമായ ഇടപെടലുകളും ജനങ്ങളുടെ സ്വയം സന്നദ്ധതയും ഉണ്ടെങ്കിൽ മാത്രമേ കോവിഡിനെ മറിക്കടക്കാൻ കഴിയൂവെന്ന് നഗരസഭാ കാര്യാലയത്തിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.

നഗരസഭയുടെ നിർദേശപ്രകാരം കഴിഞ്ഞ അഞ്ച് ദിവസമായി ക്യാമ്പ്ചെയ്ത സംഘം കണ്ടെത്തിയ വിവരങ്ങളാണ് നഗരസഭ, ആരോഗ്യപ്രവർത്തകർ, പോലീസ്, വ്യാപരപ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട അവലോകന യോഗത്തിൽ അവതരിപ്പിച്ചത്. കോവിഡിനൊപ്പമുള്ള സമൂഹജീവിതം ചിട്ടപ്പെടുത്തുന്നത് സംബന്ധിച്ചാണ് സംഘം കർമ്മപരിപാടികൾ ആസൂത്രണം ചെയ്തത്.

ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘമാണ് പൊന്നാനിയിൽ ക്യാമ്പ് ചെയ്ത് വിവിധ കർമ്മ പരിപാടികൾക്ക് നേതൃത്വം നൽകിയത്.

രോഗഭീതിയിൽ വലഞ്ഞ ജനജീവിതം തിരിച്ചുപിടിക്കുന്നതിന് വരുത്തേണ്ട നിർദ്ദേശങ്ങളും നിലവിലെ രോഗവ്യാപന സാഹചര്യവും ഗൗരവപൂർവം വിലയിരുത്തുന്നതിനായി വിവിധ രാഷ്ട്രീയപ്പാർട്ടി, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവയുടെ യോഗവും സംഘം നഗരസഭയിൽ വിളിച്ചുചേർത്തിരുന്നു. നഗരസഭാ അധ്യക്ഷൻ സി.പി. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്കുമാർ പ്രസംഗിച്ചു.