പൊന്നാനി : കഴിഞ്ഞ മൂന്നുദിവസങ്ങളിൽ പൊന്നാനി തീരമേഖലയിൽ നാശംവിതച്ച കടലാക്രമണത്തിന് ബുധനാഴ്ച നേരിയ ശമനം. പൊന്നാനി അഴീക്കൽ ലൈറ്റ്ഹൗസ് മുതൽ പുതുപൊന്നാനിവരെ നാൽപ്പതോളം വീടുകളാണ് നാശത്തിന്റെ വക്കിലുള്ളത്. ചില വീടുകൾ പൂർണമായി തകരുകയുംചെയ്തു.

നൂറുകണക്കിന് വീടുകളിൽ വെള്ളംകയറി വാസയോഗ്യമല്ലാതായി. വീടുകൾക്കകത്ത് കെട്ടിനിൽക്കുന്ന ചെളിയും വെള്ളവും മാറ്റുകയാണ് വീട്ടുകാരിപ്പോൾ. ചെളി കെട്ടിനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് വീട്ടുകാർ. പാതി തകർന്ന വീടുകളിലുള്ളവരെല്ലാം വീട്ടുസാധനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുകയാണ്. മൂന്നുദിവസത്തിനിടെ മീറ്ററുകളോളം കരഭാഗമാണ് കടലെടുത്തത്.

അതേസമയം ട്രിപ്പിൾ ലോക്ഡൗണും ട്രോളിങ് നിരോധനവുംകൊണ്ട് തീരദേശമേഖല പട്ടിണിയിലേക്ക് നീങ്ങുകയാണ്.