പൊന്നാനി : പൊന്നാനി നഗരസഭയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നടക്കുന്ന രണ്ടാമത് ആന്റിജെൻ പരിശോധന വ്യാഴാഴ്ച തുടങ്ങും.

പൊന്നാനി എ.വി. ഹയർസെക്കൻഡറി സ്കൂൾ, പൊന്നാനി എം.ഐ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക. നഗരസഭയിലെ മൂന്നുമുതൽ 22 വരെയുള്ള വാർഡുകളിൽനിന്നുള്ളവരുടെ പരിശോധന എ.വി. ഹയർസെക്കൻഡറി സ്കൂളിലും ഒന്ന്, രണ്ട്, 23 മുതൽ 51 വരെയുള്ള വാർഡുകളിൽ നിന്നുള്ളവരുടെ പരിശോധന എം.ഐ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലും നടക്കും.

ആദ്യദിനം 300 പേരുടെ പരിശോധനയാണ് നടക്കുക. വാർഡ് മൂന്നുമുതൽ ഏഴു വരെയുള്ളവർ കാലത്ത് 10 മണിക്കും എട്ടു മുതൽ 17 വരെയുള്ളവർ പതിനൊന്നരയ്ക്കും 18 മുതൽ 22 വരെ വാർഡുകളിലുള്ളവർ 12 മണിക്ക് ശേഷവും എ.വി. ഹയർസെക്കൻഡറി സ്കൂളിലെ പരിശോധനാകേന്ദ്രത്തിൽ എത്തണം.

വാർഡ് 43 മുതൽ 51 വരെയുള്ളവർ രാവിലെ പത്തിനും 36 മുതൽ 42 വരെയുള്ളവർ 11 മണിക്കും 27 മുതൽ 35 വരെയുള്ളവർ 12 മണിക്കും ഒന്ന്, രണ്ട്, 23, 24, 25, 26 വാർഡുകളിലുള്ളവർ ഒരുമണിക്കും എം.ഐ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലും എത്തണം.

സാമൂഹിക അകലവും പൊതുജന സുരക്ഷയും കണക്കിലെടുത്താണ് സമയക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. പരിശോധനയ്ക്കെത്തേണ്ടവർ ആരൊക്കെയെന്ന് ആശാപ്രവർത്തകർ മുഖേന ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

ഇവർക്കുള്ള ലിസ്റ്റ് വീടുകളിൽ എത്തിച്ചുകഴിഞ്ഞു.

പരിശോധനയ്ക്കെത്തുന്നവർ സ്വയം ഏർപ്പാടാക്കുന്ന വാഹനത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് കേന്ദ്രങ്ങളിലെത്തേണ്ടതെന്ന് നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ്‌കുഞ്ഞി അറിയിച്ചു.

വെള്ളിയാഴ്ച പരിശോധനയ്ക്ക്‌ വിധേയമാകേണ്ടവരുടെ ലിസ്റ്റ് വ്യാഴാഴ്ച നൽകും. വ്യാഴാഴ്ച നടക്കുന്ന പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഡിന്റെ വ്യാപ്തി പൊന്നാനിയിൽ എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻകഴിയുക.