പൊന്നാനി : കോവിഡ് 19 വ്യാപനത്തെ നേരിടുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ രണ്ടിടങ്ങളിൽ കോവിഡ് പ്രാഥമിക ചികിൽസാകേന്ദ്രങ്ങൾ ആരംഭിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് തയ്യാറാക്കുന്ന ജനകീയരോഗ പരിപാലന കേന്ദ്രങ്ങളാണിത്. കോവിഡ് സാമൂഹ്യവ്യാപനമുണ്ടായാൽ നിലവിലുള്ള ആരോഗ്യസംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് ഇത് വിഭാവനംചെയ്തിട്ടുള്ളത്.

കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയ കേസുകളിൽ രോഗലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും വളരെ നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ഇവിടെനിന്ന് ചികിത്സ നൽകും.

പൊന്നാനി നഗരസഭാപരിധിയിൽ ഇത്തരത്തിൽ 100 കിടക്കകളുള്ള കേന്ദ്രം കൊല്ലൻപടിയിലെ എവറസ്റ്റ് ഓഡിറ്റോറിയത്തിലും 150 കിടക്കകളുള്ള കേന്ദ്രം പൊന്നാനി എം.എ. ഗേൾസ് ഹയർസെക്കൻഡറി കോംപ്ലക്സിലുമാണ് ഒരുങ്ങുന്നത്.

ഇരു സ്ഥലങ്ങളിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സ്പീക്കർക്കൊപ്പം നഗരസഭാ അധ്യക്ഷൻ സി.പി. മുഹമ്മദ്കുഞ്ഞി, തഹസിൽദാർ ടി.എൻ. വിജയൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.