പൊന്നാനി : കോവിഡ് 19 വ്യാപനത്തെ നേരിടുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുന്നു.

കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയ കേസുകളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും വളരെ നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ഈ സെൻ്ററുകൾ.

ആദ്യഘട്ടത്തിൽ 100 കിടക്കകളുള്ള കേന്ദ്രമാണ് ആരംഭിക്കുന്നത്. രണ്ടാംഘട്ടത്തിൽ 150 കിടക്കകളുള്ള കേന്ദ്രംകൂടി ഉടൻ ആരംഭിക്കും. ഓഡിറ്റോറിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടങ്ങി.

ആദ്യത്തെ കേന്ദ്രമായ കൊല്ലൻപടിയിലെ എവറസ്റ്റ് ഓഡിറ്റോറിയം സെന്റർ തുടങ്ങുന്നതിനായി സർക്കാർ പ്രത്യേകം ചുമതലപ്പെടുത്തിയ ഐ.എ.എ സ്. ഉദ്യോഗസ്ഥനായ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. നഗരസഭാ അധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി, കൗൺസിലർ ഉണ്ണിക്കൃഷ്ണൻ പൊന്നാനി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്‌കുമാർ തുടങ്ങിയവരുമായി പ്രാഥമിക ചർച്ച നടത്തി.