പൊന്നാനി : കടലേറ്റം പൊന്നാനി തീരത്ത് കനത്ത നാശംവിതച്ചു. പത്തടിയോളം ഉയരത്തിൽ ആഞ്ഞടിച്ച തിരമാലകൾ കടലോരത്തെ വീടുകൾക്കൊപ്പം എത്തിയ തിരമാലയിൽ കുടിലുകൾ ഒഴുകിപ്പോയി. തീരദേശത്ത് ക്വാറൻറീനിൽ കഴിയുന്നവരെ പൊന്നാനി എം.ഐ. ഹയർ സെക്കൻഡറി സ്കൂളിലേക്കും മറ്റുള്ളവരെ എം.ഇ.എസ്. ഹയർ സെക്കൻഡറിയിലെ താത്കാലിക ക്യാമ്പിലേക്കും മാറ്റിപ്പാർപ്പിച്ചു.

പൊന്നാനി അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ പുതുപൊന്നാനി വരെ പതിനഞ്ചോളം വീടുകൾ പൂർണ്ണമായും 25 വീടുകൾ ഭാഗികമായും തകർന്നു. പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, അലിയാർ പള്ളി, എം.ഇ.എസിന് പിൻവശം, മുറിഞ്ഞഴി, ചുവന്ന റോഡ്, മൈലാഞ്ചിക്കാട്, അബൂഹുറൈ പള്ളി പരിസരം, പുതുപൊന്നാനി മുനമ്പം, എന്നിവിടങ്ങളിലെല്ലാം കനത്ത നാശനഷ്ടമുണ്ടായി.

പുളിക്കൽ അബു, ചക്കന്റെ മറിയ, കൊണ്ടാടൻ തൊടുകവീട്ടിൽ അബ്ദുൽ ഖാദർ, മദാറിന്റെ സിദ്ദിഖ്, ഹസ്സൻ പുരക്കൽ ഇല്യാസ്, ചാലിൽ ഹസ്സൻ, മെയ്തീനകത്ത് മെയ്തീൻ, ആല്യമിന്റെകത്ത് ഗഫൂർ,

മരക്ക വളപ്പിൽ ഇസ്മായിൽ, ചെട്ടിന്റെ ജമീല തുടങ്ങി നാൽപ്പതോളം വീടുകളാണ് പൂർണ്ണമായും, ഭാഗികമായും തകർന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ കടലേറ്റമാണുള്ളത് പ്രദേശത്ത് തിങ്കളാഴ്ച രാവിലെയാണ് കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചത്.

നൂറുകണക്കിന് വീടുകളിലേക്ക് കടൽവെള്ളം ഇരച്ചുകയറി. അടുക്കളയും, മറ്റും വെള്ളത്തിൽ മുങ്ങിയതോടെ ഭക്ഷണം പാകംചെയ്യാനാവാത്ത സ്ഥിതിയിലാണ്. കൂടാതെ കിണറുകളിലേക്കും ഉപ്പുവെള്ളം കയറി കുടിവെള്ളവും മുടങ്ങി. 200 മീറ്ററോളം കര ഭാഗത്തേക്കാണ് തിരമാലകൾ ഇരച്ചെത്തിയത്. ഇതോടെ തീരദേശ റോഡുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. പലയിടത്തും അരയ്ക്കൊപ്പം ചെളിവെള്ളമാണ് കെട്ടിനിൽക്കുന്നത്. കടലാക്രമണ ബാധിത പ്രദേശങ്ങൾ പൊന്നാനി നഗരസഭാ അധ്യക്ഷൻ സി.പി. മുഹമ്മദ്കുഞ്ഞി, വില്ലേജ് ഓഫീസർമാർ എന്നിവർ സന്ദർശിച്ചു.