പൊന്നാനി : 'മൂന്നുവർഷം മുമ്പ് ഒരു ജീവിതകാലത്തെ മുഴുവൻ അധ്വാനംകൊണ്ട് പണിത വീടാ കടലെടുത്തത്. വീടുപണിക്കായി എടുത്ത ലോണും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഭാര്യയും മക്കളും അവരുടെ കുടുംബവുമടക്കം ഞങ്ങൾ 13 പേരാണ് ഈ വീട്ടിൽ കഴിയുന്നത്. നാൽപ്പതുവർഷമായി ഇവിടെ ജീവിക്കാൻ തുടങ്ങിയിട്ട്. ഇനി ഞങ്ങൾ എവിടെ അന്തിയുറങ്ങും?' -എഴുപതുവയസ്സായ വളപ്പിലകത്ത് അബുവിന്റെ ചോദ്യങ്ങളും കടൽക്കാറ്റിൽ അലിഞ്ഞുചേർന്നു. പൊന്നാനി തീരത്തെ മിക്ക കുടുംബങ്ങളുടെയും അവസ്ഥ ഇതാണ്. കൊറോണയും കടലേറ്റവും ഒന്നിച്ചെത്തിയതോടെ ആശങ്ക ഒഴിയുന്നില്ല. വീടുകൾ നഷ്ടപ്പെട്ടവർക്ക് കോവിഡ് വ്യാപന ഭീതിയുള്ളതിനാൽ ബന്ധുവീടുകളിലും അഭയം തേടാൻ കഴിയുന്നില്ല. നഗരസഭ തങ്ങളുടെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥൻപോലും തിരിഞ്ഞുനോക്കാറില്ലെന്നും അബുവിന്റെ ഭാര്യ ആമിന പറഞ്ഞു. പെൺകുട്ടികളെയുംകൊണ്ട് അടച്ചുറപ്പില്ലാത്ത ക്യാമ്പുകളിൽ പോയി കഴിയാൻ സാധിക്കില്ലെന്നും ആമിന പറയുന്നു.

ചക്കരക്കാരന്റെ വീട്ടിൽ മൈമൂനയുടെ ഓലവീടും പൂർണമായും തകർന്നു. കഴിഞ്ഞവർഷങ്ങളിൽ വീട്ടിൽ വെള്ളം കയറുമ്പോൾ ക്യാമ്പുകളിലേക്കു മാറുകയും വെള്ളം ഇറങ്ങുമ്പോൾ തിരിച്ചു വരികയുമായിരുന്നു. എന്നാൽ ആകെയുണ്ടായിരുന്ന കുടിലും കടലെടുത്തതോടെ അഞ്ചുപേരടങ്ങുന്ന കുടുംബം എങ്ങനെ അന്തിയുറങ്ങുമെന്ന ആശങ്കയിലാണ്.

തിങ്കളാഴ്ചയുണ്ടായ കടലേറ്റത്തിൽ പൊന്നാനി 45-ാം വാർഡിലെ 12 വീടുകളാണ് തകർന്നത്. പ്രദേശത്ത് ആകെ 40 വീടുകൾ ഈമാസത്തെ കടലേറ്റത്തിൽ തകർന്നു.