പൊന്നാനി : കുട്ടിയുടെ വിരലിൽ കുടുങ്ങിയ പൈപ്പ് അഗ്നിരക്ഷാസേന മുറിച്ചുമാറ്റി.

പുതുപൊന്നാനി സ്വദേശിയായ കുട്ടിയുടെ വിരലിൽ കുടുങ്ങിയ ഇരുമ്പ് പൈപ്പാണ് പൊന്നാനി അഗ്നിരക്ഷാസേനാംഗങ്ങൾ സുരക്ഷിതമായി മുറിച്ചുമാറ്റിയത്.

വീട്ടിൽനിന്ന് പൈപ്പ് വിരലിൽ കുടുങ്ങിയതോടെ വീട്ടുകാർ കുട്ടിയുമായി ഫയർ സ്‌റ്റേഷനിലെത്തുകയായിരുന്നു. പൊന്നാനി നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കളിക്കുന്നതിനിടെ കുട്ടികളുടെ വിരലിൽ ഇത്തരം വസ്തുക്കൾ കുടുങ്ങി അവ മുറിച്ചുമാറ്റുന്നത് ഇത് ഒമ്പതാമത്തേതാണ്.

ഇത്തരം വസ്തുക്കളുമായി കുട്ടികൾ കളിക്കുമ്പോൾ രക്ഷിതാക്കൾ തടയണമെന്ന് പൊന്നാനി ഫയർ സ്റ്റേഷൻ ഓഫീസർ നിഥീഷ് കുമാർ പറഞ്ഞു.