പൊന്നാനി : കോവിഡ് വ്യാപനത്തെത്തുടർന്ന് ദുരിതം പേറുന്ന തീരദേശത്താണ് രണ്ടുദിവസങ്ങളിലായുണ്ടായ കടലേറ്റം നാശം വിതക്കുന്നു.

ശക്തമായ കടലേറ്റത്തിൽ പൊന്നാനി ലൈറ്റ് ഹൗസ് മുതൽ പുതുപൊന്നാനി വരെയുള്ള അൻപതിലധികം വീടുകളിൽ വെള്ളം കയറി.

പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുറിഞ്ഞഴി, എം.ഇ.എസിന് പിൻവശം, മൈലാഞ്ചിക്കാട്, പുതുപൊന്നാനി മേഖലകളിലാണ് രണ്ട് ദിവസങ്ങളിൽ കടലേറ്റം ശക്തമായത്.

നേരത്തെ കടലേറ്റ സമയങ്ങളിൽ ബന്ധുവീടുകളിലേക്കും മറ്റിടങ്ങളിലേക്കും മാറിത്താമസിച്ച കടലോരവാസികളിൽ ഭൂരിഭാഗം പേരും ക്വാറൻറീനിലായതിനാൽ ഇവർക്ക് പോകാനിടമില്ലാതായി.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലേക്കും വെള്ളം കയറുന്നതിനാൽ ഇവർ മാറി താമസിക്കാനാവാതെ നിസ്സഹായരാണ്. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് തിരമാലകൾ വീടുകളിലേക്ക് ഇരച്ചെത്തുന്നത്.

വേലിയേറ്റ സമയങ്ങളിൽ രൂക്ഷമാവുന്ന കടലേറ്റം ചെറുക്കാൻ പലയിടത്തും കടൽഭിത്തിയില്ലാത്ത സ്ഥിതിയാണ്. കരയിൽ മീറ്ററുകളോളമാണ് ഉള്ളിലേക്കാണ് കടൽവെള്ളം കെട്ടിനിൽക്കുന്നത്.

ശക്തമായതിരയിൽ ഒട്ടേറെ വീടുകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനംമൂലം പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾ ട്രിപ്പിൾ ലോക് ഡൗണും കടലാക്രമണവും മൂലം മുഴുപ്പട്ടിണിയിലായിരിക്കുകയാണ്.

പാലപ്പെട്ടിയിൽ കടലേറ്റം: കാപ്പിരിക്കാട് റോഡ് തകർന്നു

എരമംഗലം : ജില്ലാ അതിർത്തിയായ കാപ്പിരിക്കാടും പാലപ്പെട്ടിയിലും കടലേറ്റം. ഞായറാഴ്ച ഉച്ചയോടെയാണ് കടലേറ്റം രൂക്ഷമായത്.

കടലേറ്റത്തിൽ കാപ്പിരിക്കാട് മുതൽ പാലപ്പെട്ടി ആശുപത്രി ബീച്ചുറോഡുമായി ചേരുന്ന തീരദേശ ഗ്രാമീണറോഡ് തകർന്നു. റോഡിന് സമീപത്തെ കരഭാഗം കടലെടുത്തതോടെയാണ് റോഡിന്റെ തകർച്ചയുണ്ടായത്.

സമീപത്തെ പത്തോളം തെങ്ങുകളും കടപുഴകിവീണു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി. ബാലന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്ക് കടലേറ്റം ഭീഷണിയാവുന്നു.