പൊന്നാനി : പൊന്നാനിയിൽ വീണ്ടും കടലേറ്റം. ശനിയാഴ്ച രാവിലെ മുതലാണ് പൊന്നാനി മേഖലയിൽ കടലേറ്റം ശക്തമായത്. സ്ഥിരം കടലാക്രമണ ബാധിത പ്രദേശങ്ങളായ ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുറിഞ്ഞഴി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി മേഖലകളിലാണ് കടലേറ്റം ഉണ്ടായത്. മേഖലയിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഭൂരിഭാഗം ആളുകളും നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിനിടെ കടലിനോട് ചേർന്നുള്ള വീടുകളിലേക്ക് കടൽ ഇരച്ചെത്തുന്നത് ഇരട്ടി ദുരിതമാവുകയാണ്. വേലിയേറ്റ സമയങ്ങളിലാണ് കടലാക്രമണത്തിന്റെ രൂക്ഷതയേറുന്നത്.

വള്ളം തകർന്ന് ഒരാൾക്ക് പരിക്ക്‌

താനൂർ : കടൽക്ഷോഭത്തിൽ വള്ളം തകർന്ന് യുവാവിന് പരിക്ക്. കോർമൻ കടപ്പുറത്തെ ചെറുപുരയ്ക്കൽ ഹർഷാദിനാണ് (21) തലയ്ക്ക് പരിക്കേറ്റത്. ഒസാൻ കടപ്പുറം തുറമുഖത്തുനിന്ന് രാവിലെ 5.30-ന് കടലിലിറങ്ങിയ എളാരൻ കടപ്പുറത്തെ കാസിംപാടത്ത് റഫീഖിന്റെ നാടൻ വള്ളമാണ് ശക്തമായ തിരമാലയിൽ തട്ടിത്തകർന്ന് രണ്ടായി പിളർന്നത്. രാവിലെ 6.30-ന് കടലിൽ ഒരു കിലോമീറ്റർ അകലെയാണ് അപകടം. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന മീൻപിടിത്തക്കാരാണ് ഇവരെ കരയ്ക്കെത്തിച്ചത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.