പൊന്നാനി : പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയിൽ ആശങ്ക വിട്ടൊഴിയുന്നില്ല. പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടർക്കാണ് കോവിഡ് പോസിറ്റീവായത്. ഇതേത്തുടർന്ന് താലൂക്കാശുപത്രി ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കുമായി വീണ്ടും നടത്തിയ ആൻറിജെൻ ടെസ്റ്റിൽ ഒരാൾക്ക്‌ പോസിറ്റീവായി.

ഒരാഴ്ചമുമ്പ് കോവിഡ് സ്ഥിരീകരിച്ച സാമൂഹികപ്രവർത്തകനുമായി സമ്പർക്കമുണ്ടായ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്റെ ആന്റിജെൻ ഫലമാണ് പോസിറ്റീവായത്. ഇയാളെ കൂടുതൽ പരിശോധനയ്ക്കായി മഞ്ചേരിയിലേക്ക് കൊണ്ടുപോയി.

അതേസമയം, ഡോക്ടറുമായി കൂടുതൽപേർക്ക് സമ്പർക്കസാധ്യതയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒ.പിയിൽ കൃത്യമായ മുൻകരുതലുകളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് പരിശോധന നടത്തിയിരുന്നത്. നിലവിൽ ആശുപത്രിയിലെ പല ജീവനക്കാരും ക്വാറന്റീനിലാണ്.