പൊന്നാനി : മത്സ്യബന്ധനവും വിപണനവും പൂർണമായും നിരോധിച്ച പൊന്നാനിയിൽ അനധികൃത മത്സ്യവിപണനം തുടരുന്നു. മേഖലയിൽ ഓൺലൈൻ മത്സ്യവിൽപ്പന സജീവമായി. അനധികൃതമായി ബൈക്കുകളിൽ ഓൺലൈൻ വിൽപ്പനയ്ക്കായി മത്സ്യം കൊണ്ടുവന്ന നാല് ബൈക്കുകൾ പോലീസ് പിടികൂടി.

പരമ്പരാഗത വിൽപ്പന നടത്തിയ രണ്ടുപേർക്കെതിരേ കേസെടുത്തു. ട്രിപ്പിൾ ലോക്ഡൗൺ മേഖലയായതിനാൽ അയൽ സംസ്ഥാനങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. ഇതിനിടെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മത്സ്യം ഇറക്കുമതിചെയ്യുന്നത്. തമിഴ്നാട്ടിൽനിന്നുള്ള പഴകിയ മത്സ്യങ്ങൾ ഉൾപ്പെടെ കൊണ്ടുവന്നാണ് രഹസ്യമായി വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യവിൽപ്പന നടത്തിയ രണ്ടുപേർക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലാ അതിർത്തി കടന്ന് മത്സ്യം പൊന്നാനിയിലേക്ക് കൊണ്ടുവന്ന മൊത്തക്കച്ചവടക്കാരനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നരിപ്പറമ്പ് ജങ്‌ഷനിൽ മത്സ്യവിപണം നടത്തുന്നതും പോലീസ് പിടികൂടിയിരുന്നു. പൊന്നാനിയിൽ മീൻപിടിത്തമില്ലാത്തതിനാൽ പഴകിയ മത്സ്യമാണ് ഇവിടെ എത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തിൽ നിയമം ലംഘിച്ച് മത്സ്യവിൽപ്പന നടത്തുന്നത് ശ്രദ്ധയിപ്പെട്ടാൽ വിവരം നൽകണമെന്നും ഇവർക്കെതിരേ കടുത്ത നsപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.