പൊന്നാനി : പൊന്നാനിയെയും തീരദേശപഞ്ചായത്തുകളെയും അടച്ചുപൂട്ടി. ട്രിപ്പിൾ ലോക്ഡൗൺ മേഖലയിലാണ് ശക്തമായ നടപടിയുമായി പോലീസ് രംഗത്തിറങ്ങിയത്.

പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിരോധിച്ചു. കോവിഡ് അതിതീവ്ര മേഖലകളിലെ പ്രധാന റോഡുകളുൾപ്പെടെയാണ് പോലീസ് അടച്ചുപൂട്ടിയത്. പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് മേഖലകളിലാണ് കർശന പരിശോധനയുമായി പോലീസുള്ളത്.

പൊന്നാനി മുതൽ തൃശ്ശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള ദേശീയപാത പൂർണമായും അടച്ചു. ഇതുവഴിയുള്ള യാത്രക്കാരെയെല്ലാം മറ്റു റോഡുകൾ വഴിതിരിച്ചുവിടുകയാണ്. ദേശീയപാതയിലെ കുറ്റിപ്പുറം റോഡ്, ചാവക്കാട് റോഡ്, ചമ്രവട്ടം റോഡ്, കുണ്ടുകടവ് പാലം എന്നിവയും അടച്ചിട്ടു. എടപ്പാൾ സംസ്ഥാനപാത മാത്രമാണ് അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ തുറന്നുനൽകിയത്.

ഇവിടെയും കർശന പരിശോധനയ്ക്കുശേഷം അത്യാവശ്യക്കാരെ മാത്രമാണ് കടത്തിവിടുന്നത്. റേഷൻ കാർഡുമായി പുറത്തിറങ്ങുന്നവർക്കും അത്യാവശ്യയാത്രകൾക്ക് മാത്രമാണ് അനുമതി നൽകുന്നത്. കൂടാതെ ഗ്രാമീണറോഡുകളും അടച്ചിടുകയും എല്ലായിടത്തും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുമുണ്ട്.

പൊന്നാനിയിൽ പോലീസുകാരില്ലാത്ത സാഹചര്യത്തിൽ ജില്ലയിലെ മറ്റു സ്റ്റേഷനുകളിൽനിന്ന് പോലീസുകാരെ കൊണ്ടുവന്നാണ് ട്രിപ്പിൾ ലോക്ഡൗൺ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് സോൺ ഐ.ജി. അശോക് യാദവിന്റെ നിർദേശപ്രകാരം മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീമിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടക്കുന്നത്.