പൊന്നാനി : പൊന്നാനിയിലെ അഗ്നിരക്ഷാസേനയുടെ സേവനം ഇനി വെള്ളത്തിലും ലഭ്യമാകും. ജല രക്ഷ പ്രവർത്തനം നടത്തുന്നതിന് റബർ ഡിങ്കി, ഔട്ട് ബോർഡ് എഞ്ചിൻ എന്നിവ പൊന്നാനി ഫയർഫോഴ്സിന് അനുവദിച്ചു.

ആദ്യപരിശീലനം ബിയ്യം കായലിൽ നടന്നു. പലപ്പോഴും പൊന്നാനി മേഖലയിൽ ജല അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ ജില്ലയുടെ മറ്റു സ്റ്റേഷനുകളിൽ നിന്ന്‌ എത്തിക്കേണ്ടിയിരുന്നു. പുതിയ ഉപകരണങ്ങളുടെ വരവോടെ പൊന്നാനിയിലും ജലസുരക്ഷ സംവിധാനങ്ങൾ ഉറപ്പുവരുത്താനാകും.

ജലരക്ഷാ പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടത്തുവാൻ ഇത് അഗ്നിരക്ഷാ സേനയ്ക്ക് ഉപകരിക്കുമെന്ന് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ പറഞ്ഞു.

റബർ ഡിങ്കി, ഔട്ട് ബോർഡ് എഞ്ചിൻ തുടങ്ങിയവയുമായി സേനയുടെ പരിശീലനം പൊന്നാനി ബിയ്യംകായലിൽ നടന്നു. 10പേർക്ക് യാത്രചെയ്യുന്നതിന് ഉതകുന്ന ഡിങ്കിയും ഏറ്റവുംപുതിയ 40 എച്ച്.പി. ശേഷിയുള്ള ഔട്ട് ബോർഡ് എൻജിനും ആണ് പൊന്നാനിയിലെ ആഗ്നിരക്ഷ സേന നിലയത്തിൽ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

കൂടാതെ തിരച്ചിൽനടത്തുവാൻ സാധിക്കുന്ന ആധുനികരീതിയിൽ ഉള്ള സ്ക്യൂബസെറ്റും ലഭിച്ചിട്ടുണ്ട്. ബിയ്യം കായലിൽനടന്ന പരിശീലനത്തിന് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ്, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ ഗംഗാധരൻ, സനൂപ്, രാജീവ്, ഷഫീഖ്, വിശാഖ്, അജേഷ്, മിഥുൻ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പരിശീലനം നടത്തും.