പൊന്നാനി : പൊന്നാനി നഗരസഭയെ തീവ്ര കണ്ടെയ്ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റിന് തുടക്കമായി. സംസ്ഥാന സർക്കാർ സഹകരണവകുപ്പിന്റെ സഹകരണത്തോടെയാണ് കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. പി.പി.ഇ. കിറ്റ് അടക്കമുള്ള ആവശ്യമായ മുഴുവൻ സുരക്ഷാ സംവിധാനങ്ങളോടുകൂടിയാണ് സൂപ്പർമാർക്കറ്റിൽ വിപണനം നടത്തുന്നത്. പൊന്നാനി നഗരസഭയിലെ തീരദേശ വാർഡുകളിലടക്കം നിത്യോപയോഗ സാധനങ്ങൾ ഇതിലൂടെ മിതമായ വിലയ്ക്ക് വീടിനടുത്ത് ലഭ്യമാകും. നിയമസഭാസ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെത്തുടർന്നാണ് അടിയന്തരമായി സൂപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. പൊന്നാനി നഗരസഭയിൽ പ്രവർത്തനമാരംഭിച്ച മൊബൈൽ ത്രിവേണി സൂപ്പർമാർക്കറ്റിന്റെ ഫ്ലാഗ്ഓഫ് നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി നിർവഹിച്ചു.