പൊന്നാനി : കോവിഡ് വ്യാപനം തടയുന്നതിനുള്ള അറ്റകൈ പ്രയോഗം എന്നനിലയിൽ പൊന്നാനി നഗരസഭയും തീരദേശ പഞ്ചായത്തുകളായ വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളും ചൊവ്വാഴ്ച മുതൽ ട്രിപ്പിൾ ലോക്ഡൗണിൽ. ഈ മേഖലകളിൽ ട്രിപ്പിൾ ലോക്‌ഡൗൺ നടപ്പാക്കുന്നതോടെ പ്രദേശങ്ങളിലാകെ പോലീസ് നിരീക്ഷണം ഏർപ്പെടുത്തും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നടപടികളാണ് സ്വീകരിക്കുക. പൊന്നാനി പോലീസ്‌സ്റ്റേഷനിലെ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രത്യേക കൺട്രോൾറൂം തുറന്നാണ് പരിശോധന നടത്തുക. ആർവി പാലസ് ഓഡിറ്റോറിയത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങൾ മറികടന്ന് നിരത്തിലിറങ്ങിയാൽ കർശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. കോസ്റ്റൽ ഗാർഡിന്റെയും കടലോര ജാഗ്രതാസമിതിയുടെയും സഹായാവുമുണ്ടാകും. ഇതിന്റെ ഭാഗമായി പുറത്തിറങ്ങുന്നവരെ കണ്ടാൽ പൊതുജനങ്ങൾക്ക്‌ പോലീസിനെ വിവരമറിയിക്കാൻ വാട്സ്ആപ്പ് നമ്പറും നൽകിയിട്ടുണ്ട്. ട്രിപ്പിൾ ലോക്‌ഡൗണിന്റെ ഭാഗമായി ഉൾപ്രദേശ റോഡുകൾവരെ അടയ്ക്കും. ഓരോ മേഖലയിലും ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. താലൂക്കിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനു പുറമേയാണ് തീരദേശ പഞ്ചായത്തുകളിലും നഗരസഭയിലും ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.