പൊന്നാനി : കോവിഡ് രോഗികൾ വർധിക്കുന്ന പൊന്നാനി താലൂക്കിൽ ഞായറാഴ്ച പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗണിൽ ശക്തമായ പരിശോധനയുമായി പോലീസ് രംഗത്തിറങ്ങി. പ്രധാനപാതകളെല്ലാം പോലീസ് നിരീക്ഷണത്തിലായിരുന്നു. നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയാണ് പോലീസ് സ്വീകരിച്ചത്. പൊന്നാനി നഗരസഭ, എടപ്പാൾ, വട്ടംകുളം, ആലങ്കോട് , മാറഞ്ചേരി കാലടി, തവനൂർ, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിൽ രാവിലെ മുതൽ തന്നെ പോലീസ് പരിശോധന ആരംഭിച്ചിരുന്നു. പ്രധാന കവലകളിലെല്ലാം പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. വാഹനങ്ങൾ പരിശോധിച്ചതിനുശേഷമാണ് കടത്തിവിട്ടത്. പൊന്നാനി പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പോലീസില്ലാത്തതിനാൽ മറ്റിടങ്ങളിൽനിന്ന് പോലീസിനെ എത്തിച്ചു. പൊന്നാനി താലൂക്ക് ഓഫീസ് ഉൾപ്പെടെ പ്രധാന ഓഫീസുകളൊന്നും പ്രവർത്തിച്ചില്ല. റവന്യൂ വകുപ്പ് നൽകിയ നിർദേശത്തെത്തുടർന്ന് പൊന്നാനി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയിൽനിന്ന് ബസുകളൊന്നും സർവീസ് നടത്തിയില്ല. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാൻ തന്നെയാണ് പോലീസിന്റെ തീരുമാനം.

കോവിഡ് വ്യാപനം തടയാൻ പോലീസ് കൺട്രോൾ റൂം തുടങ്ങി

പൊന്നാനി : താലൂക്കിൽ കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊലീസ് കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചു. കോവിഡ് പകർച്ചയ്ക്ക് ഇടയാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെക്കൊടുക്കുന്ന കൺട്രോൾറൂം വാട്സ്‌ആപ്‌ നമ്പരിൽ വിവരം മെസ്സേജ് ചെയ്യണം. സാമൂഹികാകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുക, മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളിൽ തുപ്പുക തുടങ്ങിയവക്കെതിരേ കർശന നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. താലൂക്കിൽ തിങ്കളാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും, പൊതുജനങ്ങൾ പുറത്തിറങ്ങരുത്. കടകൾക്കു മന്നിൽ സാധനം വാങ്ങുന്നവർക്ക് നിൽക്കാൻ സാമൂഹികാകലം പാലിച്ച് ക്യു നിൽക്കാൻ അടയാളം ഇടാത്ത കടയുടമകൾക്കെതിരേ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.