പൊന്നാനി : പൊന്നാനിയുടെ തീരങ്ങളിൽ കടലേറ്റത്തിന് ശമനമില്ല. ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ പൊന്നാനി ലൈറ്റ് ഹൗസ് വരെയുള്ള പത്തോളം വീടുകൾ പൂർണമായും 25-ഒാളം വീടുകൾ ഭാഗികമായും കടലെടുത്തു. നൂറിലധികം വീടുകളിൽ മണലും വെള്ളവും കയറി വാസയോഗ്യമല്ലാതായി. പൊന്നാനി മുറിഞ്ഞിയിലും, വെളിയങ്കോട് തണ്ണിത്തുറയിലുമാണ് കനത്ത നാശനഷ്ടം.
മുറിഞ്ഞഴിയിലെ പഴയപുരയ്ക്കൽ നഫീസ, സ്രാങ്കിന്റെ താഹിറ, കുട്ട്യാമാക്കാനകത്ത് സുഹ്റ, ചന്തക്കാരന്റെ ഷരീഫ, പൊന്നാനി ലൈറ്റ് ഹൗസിനു സമീപത്തെ കമ്മാലിക്കാനകത്ത് നഫീസു, കോയാലിക്കാനകത്ത് സുബൈർ, വെളിയങ്കോട് തണ്ണിത്തുറയിലെ ഹംസ തുടങ്ങിയവരുടെ വീടുകളാണ് തകർന്നത്.
കടലോരത്തെ നൂറുകണക്കിന് തെങ്ങുകൾ കടലെടുക്കുകയും ചെയ്തു. പൊന്നാനി അഴീക്കൽ മുതൽ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്. വേലിയേറ്റ സമയമായ ഉച്ചമുതൽ വൈകുന്നേരം വരെയുള്ള സമയങ്ങളിലാണ് കടൽതിരമാലകൾ ആഞ്ഞടിക്കുന്നത്.