പൊന്നാനി: ബി.ജെ.പി. പിന്തുണയോടെ ശബരിമല കർമസമിതി ആഹ്വാനംചെയ്ത ഹർത്താലിൽ മേഖലയിൽ വ്യാപക അക്രമം. നിരവധി വാഹനങ്ങൾ അടിച്ചുതകർത്തു.

പൊന്നാനി ചമ്രവട്ടം ജങ്‌നിൽനിന്നും നൂറോളം ഹർത്താലാനുകൂലികളുടെ പ്രകടനം എ.വി. ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിൽവെച്ചാണ് അക്രമത്തിൽ കലാശിച്ചത്.

നാട്ടുകാർ മുദ്രാവാക്യം മുഴക്കിവരുന്നത് കണ്ട് പിന്തിരഞ്ഞ പ്രകടനക്കാർ ഇതുവഴി കുഞ്ഞിനേയുംകൊണ്ട് ആശുപത്രിയിലേക്കുപോയിരുന്ന കാറിന്റെ മുൻഭാഗത്തെ ചില്ലുകൾ അടിച്ചുതകർത്തതാണ് അക്രമ സംഭവങ്ങൾക്ക് തുടക്കം. ഇതേത്തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് ലാത്തി വീശി. ഇതോടെ പ്രകടനക്കാർ മുളവടി കൊണ്ട് പൊലീസിനെ നേരിട്ടു. പോലീസ് ലാത്തിച്ചാർജ് ശക്തമാക്കിയതോടെ ഹർത്താലാനുകൂലികൾ പിന്തിരിഞ്ഞോടി. തുടർന്ന് മീറ്ററുകൾക്കപ്പുറം നിന്ന് പോലീസിനു നേരെ കല്ലേറും ആരംഭിച്ചു. കല്ലേറിൽ പൊന്നാനി എസ്.ഐ.കെ.നൗഫൽ ഉൾപ്പെടെ ഏഴു പോലീസുകാർക്ക് പരിക്കേറ്റു. പൊന്നാനി സ്റ്റേഷനിലെ എ.എസ്.ഐ. എം.വി. വാസുണ്ണി, എ.വി. അഭിലാഷ്, കെ. രഞ്ജിത്ത്, കെ.എം. ബാബു, എം.എസ്.പി. അംഗങ്ങളായ റഷീദ്, നിധീഷ് എന്നിവർക്കും പരിക്കേറ്റു. അഭിലാഷിനും, കെ. രഞ്ജിത്തിനും തലയ്ക്ക് സാരമായ പരിക്കാണ് ഏറ്റത്. പരിക്കേറ്റവരെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസുകാർക്ക് നേരെയുണ്ടായ അക്രമത്തിൽ നാലുപേരെ അറസ്റ്റ്ചെയ്തു. കൊലപാതക ശ്രമത്തിനുള്ള വകുപ്പ് ചുമത്തിയാണ് ഇവരെ അറസ്റ്റ്ചെയ്തത്. കണ്ടാലറിയാവുന്ന 40-ഓളം പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. പൊന്നാനി കടവനാട് സ്വദേശി തലക്കാട്ട് ജിതിൻ (21), മാറഞ്ചേരി പുറങ്ങ് സ്വദേശി പൂവൂർ വീട്ടിൽ അജിത്ത് (20), പൊന്നാനി എം.എൽ.എ. റോഡ് കുരുടായിൽ അക്ഷയ് (18), ഈഴുവത്തിരുത്തി സ്വദേശി തൊട്ടിവളപ്പിൽ മണികണ്ഠൻ (53) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്.

തിരൂർ:താഴെപ്പാലത്ത് ഒരു കട തുറന്നപ്പോൾ അതടപ്പിക്കാൻ രണ്ടു ബി.ജെ.പി. പ്രവർത്തകർ ശ്രമിച്ചു. സമീപത്ത് തുറന്നുപ്രവർത്തിച്ച ഹോട്ടലിന് സമീപമുണ്ടായിരുന്നവർ അത് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ഹോട്ടലിൽ രണ്ടു ബി.ജെ.പി. പ്രവർത്തകരെ പിടിച്ചുകൊണ്ടുപോയി തടഞ്ഞുവെച്ചുവെന്ന് ഹർത്താൽ അനുകൂലികൾക്ക് തെറ്റായി സന്ദേശം ലഭിച്ചതോടെ ബൈക്കിൽ വടികളുമായി ഹർത്താലനുകൂലികൾ താഴെപ്പാലത്തേക്ക് കുതിക്കുകയായിരുന്നു.

ഇതിനിടയിൽ താഴെപ്പാലംസെന്റ് മേരീസ് പള്ളിക്കു മുമ്പിലൂടെ കടന്നുപോകുകയായിരുന്ന കാറിന്റെ ചില്ല് ബൈക്കിലെത്തിയ സംഘം അടിച്ചുതകർത്തു. താഴെപ്പാലത്ത് തുറന്ന് പ്രവർത്തിച്ച സബ്ക്ക ഹോട്ടലിന് മുമ്പിൽ ക്യാമ്പ് ചെയ്യുകയായിരുന്ന തിരൂർ സി.ഐ. അബ്ദുൾബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിന്തുടർന്ന് ഓടിയെങ്കിലും അവർ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി പി.പി. അബ്ദുറഹിമാന്റെ സഹോദരൻ പി.പി. ബഷീറിന്റെ ഉടമസ്ഥതയിലുള്ള സിറ്റി ജങ്ഷനിലെ സിറ്റി ഹോട്ടലിന് നേരെ ബൈക്കിൽ മുഖം മൂടിയെത്തിയ രണ്ടുപേർ കല്ലെറിഞ്ഞ് ഹോട്ടലിന്റെ ചില്ല് തകർത്തു. ഉടമ തിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ചേംബർ ഓഫ് കൊമേഴ്സ് കടകൾ തുറന്നുപ്രവർത്തിക്കുമെന്ന് ആഹ്വാനം ചെയ്തുവെങ്കിലും പ്രഖ്യാപനം നടപ്പിലാക്കാത്തതിരെ ഒരുവിഭാഗം വ്യാപാരികൾ ചേരിതിരിഞ്ഞ് നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തിറങ്ങിയിരുന്നു. ഹർത്താലനുകൂലികൾ നഗരത്തിൽ ശബരിമലകർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. കെ.പി. പ്രദീപ്കുമാർ, രവിതേലത്ത്, എം.കെ. ദേവീദാസ്‌ ,ഇ. ജയരാജൻ, കെ.പി. നന്ദകുമാർ, മണമ്മൽ ഉദയേഷ്, രാജൻ അന്നാര, ടി. രതീഷ് എന്നിവർ നേതൃത്വംനൽകി. കർമ്മസമിതിയുടെഹർത്താലിനും അക്രമങ്ങൾക്കുമെതിരെ സി.പി.എം പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി പി. ഹംസക്കുട്ടി, പി.പി. ലക്ഷ്മണൻ, റഹീം മേച്ചേരി, കൗൺസിലർ ഹൈദ്രു എന്നിവർ നേതൃത്വംനൽകി. തിരൂരിൽ ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ വ്യാപാരികൾ പ്രതിഷേധപ്രകടനം നടത്തി. പി.എ. ബാവ, പി.പി. അബ്ദുറഹിമാൻ, പി.എ. റഷീദ്, ഷെബീബ്, സാഗർ അബ്ദുള്ള, ഷിഹാബ് ലിയ എന്നിവർ നേതൃത്വംനൽകി. തിരൂരിലും പരിസരത്തും ഹർത്താൽ ദിനത്തിലുണ്ടായ അക്രമസംഭവത്തിൽ 10 പേരെ തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുറ്റിപ്പുറം: സി.പി.എം. ഓഫീസുകൾക്കുനേരെയുണ്ടായ ആക്രമണമൊഴിച്ചാൽ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. കടകളെല്ലാം അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളും ബാങ്കുകളുമെല്ലാം അടഞ്ഞുകിടന്നു.

ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്തിയില്ല. ഹൈവെ ജങ്ഷനിലും മറ്റു വാഹനങ്ങൾ തടഞ്ഞവരെ പോലീസ് എത്തി നീക്കം ചെയ്തു.

തിരുനാവായ: ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ പുത്തനത്താണിയിലും, പട്ടർനടക്കാവിലും കടകൾ പ്രവർത്തിച്ചു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലോടി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പുത്തനത്താണിയിൽ പോലീസ് സംഘം സുരക്ഷ ഒരുക്കിയിരുന്നു.

എടപ്പാൾ: എടപ്പാളിൽ ചരക്കു ലോറിക്കും ഇറച്ചിക്കടക്കും കല്ലേറ്. കല്ലേറിൽ കടയുടെയും ലോറിയുടെയും ചില്ലുകൾ തകർന്നു. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശി അക്ബർ(45)ആണ് പരിക്കേറ്റ് ശുകപുരം ആശുപത്രിയിലുള്ളത്. എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്കുലോറിക്ക് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് കല്ലെറിഞ്ഞത്. എടപ്പാൾ അങ്ങാടി പഴയ ബ്ലോക്ക് ജങ്ഷനിലുള്ള ബിയ്യം സ്വദേശി ഹുസൈന്റെ ഇറച്ചിക്കടയ്ക്കാണ് കല്ലേറുണ്ടായത്. കടയുടെ ചില്ലും തകർന്നു. ഇതോടെ ഇദ്ദേഹം കടയടച്ച് പോയി. എടപ്പാൾ നഗരത്തിൽനടന്ന സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി. പ്രവർത്തകാരായ ആലങ്കോട് സുനിത്(23), കെ.കെ. സന്തോഷ് ഒതളൂർ(30), ശ്രീശൻ കല്ലൂർമ്മ(30), നിചികേതസ് പളളിക്കര(22), നിധിൻ മൂക്കുതല എന്നിവരെ ശ്രീവത്സം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സി.പി.എം. പ്രവർത്തകരായ വെങ്ങിനിക്കര സ്വദേശികളായ അഭീഷ്(32), തങ്കു(വേലായുധൻ-60), ശുകപുരം സ്വദേശി അശോകൻ(48), സതീശൻ(45), ഗോവിന്ദ തീയറ്ററിനു സമീപം അറമുഖൻ(45) എന്നിവരെ ശുകപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മലപ്പുറം നാർക്കോട്ടിക് ഡിവൈ.എസ്.പി.പ്രഭാകരൻ, ചങ്ങരംകുളം, പൊന്നാനി, കുറ്റിപ്പുറം എസ്.ഐ.മാരായ ടി.ഡി. മനോജ്കുമാർ, എം. ബാബുരാജ്, ശശീന്ദ്രൻ മേലെയിൽ, ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ അക്രമികളെ നേരിട്ടത്.

എരമംഗലം: പുതുപൊന്നാനി - ചാവക്കാട് ദേശീയപാതയിലെ വെളിയങ്കോട്, പുതിയിരുത്തി, പാലപ്പെട്ടി എന്നിവിടങ്ങളിൽ ഹർത്താൽ ബാധിച്ചില്ല. .

താനൂർ: തിരൂർ ഇൻഡസ് ഇൻഡ് ബാങ്ക് ജീവനക്കാരനായ നിബിൻ(25)ന് സമരക്കാരുടെ മർദനമേറ്റു. താമരശ്ശേരി സ്വദേശിയായ നിബിൻ നാട്ടിലേക്ക് ബൈക്കിൽ പോവുന്നതിനിടെ ബ്ലോക്ക് ഓഫീസ് പരിസരത്തുെവച്ചായിരുന്നു മർദനം. മൊബൈൽഫോൺ തകർക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു. ചെവിക്ക് ഗുരുതര പരിക്കേറ്റ നിബിൻ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ദൃശ്യങ്ങൾ പകർത്താൻ ചിറയ്ക്കലെത്തിയ പ്രാദേശിക മാധ്യമപ്രവർത്തകർക്കുനേരെയും ആർ.എസ്.എസ്. പ്രവർത്തകരുടെ ഭീഷണിയുണ്ടായി. വെട്ടം ടെലിവിഷൻ റിപ്പോർട്ടർ പി. ഷീജീഷ്, ടി.സി.വി. ക്യാമറാമാൻ അതുൽ ആമ്പ്ര എന്നിവരെയാണ് ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. അക്രമത്തിൽ അപലപിക്കുന്നതായി പ്രസ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബ് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

വള്ളിക്കുന്ന്: അരിയല്ലൂർ സർവീസ് സഹകരണ ബാങ്കിൽ കയറിയ ഹർത്താൽ അനുകൂലികൾ ബാങ്ക് ജീവനക്കാരനായ കൊടക്കാട് സ്വദേശി പള്ളിയാളി സനീഷിനെ മർദിച്ചു. പരിക്കേറ്റ സനീഷ് ചെട്ടിപ്പടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. റെയിൽവെ സ്റ്റേഷനു സമീപത്തെ ഡി.വൈ.എഫ്.ഐ. യൂത്ത് സെന്ററിൽ അതിക്രമിച്ച് കയറുകയും ടി.വി., ഫാൻ, കസേരകൾ, ഫർമിച്ചറുകൾ തുടങ്ങിയ സാധനങ്ങൾ നശിപ്പിക്കുകയുംചെയ്തു. മിനുറ്റ്‌സടക്കം വിവിധരേഖകളും തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി.

പുറത്തൂർ: ചേന്നര വി.വി.യു.പി. സ്കൂളിൽ ഹർത്താൽ അനുകൂലികൾ അധ്യാപകരെ സ്കൂളിൽ പ്രവേശിക്കുന്നത് തടഞ്ഞു. സമരക്കാർ നേരത്തെതന്നെ സ്കൂൾ ഗെയിറ്റിന് മുമ്പിൽ നിലയുറപ്പിച്ചിരുന്നു. കുട്ടികളാരും സ്കൂളിലെത്തിയിരുന്നില്ല. സ്കൂളിൽ പ്രവേശിക്കാൻ കഴിയാത്ത അധ്യാപകർ സമീപത്തെ ബസ് സ്റ്റോപ്പിലാണ് ഇരുന്നത്.

ചങ്ങരംകുളം: ചങ്ങരംകുളത്ത് വാഹനങ്ങൾ ഓടിയില്ല. കടകളും തുറന്നില്ല. ചങ്ങരംകുളത്തെ സി.പി.എം. ഓഫീസിനുനേരെ ഹർത്താൽദിനത്തിലും ആക്രമണം നടക്കുംമെന്ന പ്രചാരണത്തെ തുടർന്ന് അഞ്ഞൂറിലധികം പ്രവർത്തകർ സി.പി.എം. ഓഫീസിനുമുന്നിൽ തടിച്ചുകൂടി. ഇരുന്നൂറിൽ അധികംവരുന്ന ശബരിമല കർമസമിതി പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകർ നിന്നിടത്തേക്ക് സി.പി.എം. പ്രവർത്തകർ നടന്ന് നീങ്ങി സംഘർഷ സാധ്യതയേറിയപ്പോൾ എസ്.ഐ. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവർക്കു നടുവിൽനിന്നു.

സി.പി.എം. നേതാക്കളായ ടി. സത്യൻ, വി.വി. കുഞ്ഞുമുഹമ്മദ്, പി. വിജയൻ, എൻ. ഉണ്ണി എന്നിവർ ഇടപ്പെട്ട് പ്രവർത്തകരെ പ്രകടനവുമയി പാർട്ടി ഓഫീസിലെത്തി പ്രവർത്തകർ പിരിഞ്ഞു പോയി. എടപ്പാൾ റോഡിൽ സംഘടിച്ചു നിന്നിരുന്ന ബി.ജെ.പി. പ്രവർത്തകരും പിരിഞ്ഞുപോയതോടെ നാലുമണിക്കൂർ നീണ്ടുനിന്ന സഘർഷാവസ്ഥക്ക് അവസാനമായി.

കടയുടെ ഗ്ലാസ് തകർത്തത് വിനയായി

താനൂർ: കടയടപ്പിക്കാനെത്തിയ ഹർത്താലനുകൂലികൾ കടയുടെ ഗ്ലാസ് തകർത്തത് വിനയായി. ഒടുവിൽ മാപ്പ് പറഞ്ഞ് പ്രശ്‌നം ഒത്തുതീർപ്പാക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പള്ളിപ്പടിയിൽ പ്രവർത്തിക്കുകയായിരുന്ന കുഞ്ഞാവയുടെ കട അടയ്ക്കാൻ ഹർത്താലനുകൂലികളൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കട അടയ്ക്കുകയായിരുന്നു. ഇതിനിടയിൽ പെട്ടെന്നെത്തിയ ഹർത്താലനുകൂലികളായ മറ്റുചിലർ അസഭ്യം പറയുകയും ഗ്ലാസ് തകർക്കുകയുംചെയ്തു. സംഭവത്തിൽ നാട്ടുകാർ ഇടപെടുകയും പോലീസും പാർട്ടി പ്രവർത്തകരുമെത്തി നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൻമേൽ പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്തു.

Content Highlights; Sabarimala karmasamithi hartal in malappuram