പൊന്നാനി: ന്യൂനമർദ്ദത്തെത്തുടർന്നുണ്ടായ കടലേറ്റത്തിൽ പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്തെ കുടുംബങ്ങൾ ഭീതിയിൽ. മൂന്നുദിവസംമുമ്പ് ആരംഭിച്ച കടലേറ്റം വേലിയേറ്റ സമയങ്ങളിൽ രൂക്ഷമാവുന്നതാണ് കടലിനോട് ചേർന്നുള്ള കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്ത് വേലിയേറ്റ സമയത്തുണ്ടായ കടലാക്രമണത്തിൽ നാലു വീടുകളിലേക്കാണ് വെള്ളം കയറിക്കൊണ്ടിരുന്നത്. ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന താഴത്തേൽ നഫീസ, കോയാലിക്കാനകത്ത് സുബൈർ, കമ്മാലിക്കാനകത്ത് നബീസു, ബപ്പങ്ങാനകത്ത് അസൈനാർ എന്നിവരുടെ വീടുകളിലേക്കാണ് കടൽവെള്ളം രാത്രിയിലും രാവിലെയുമായി ഇരച്ചുകയറുന്നത്.

കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം ശക്തമായത്. കടലാക്രമണത്തെ പ്രതിരോധിക്കാൻ ഈ ഭാഗങ്ങളിൽ നിർമ്മിച്ച മണൽ കൂനകൾ തിരമാലയുടെ ശക്തിയിൽ ഒലിച്ചുപോയിരുന്നു. മണൽകൂന തകർന്ന ഭാഗങ്ങളിലൂടെയാണ് വെള്ളം വീടുകൾക്ക് മുന്നിലേക്ക് എത്തുന്നത്. പൊന്നാനിയിലെ മറ്റിടങ്ങളിലെല്ലാം കടൽ ശാന്തമാണെങ്കിലും, ലൈറ്റ് ഹൗസ് പരിസരത്ത് മാത്രമാണ് ശക്തമായ തിരമാലകൾ രൂപപ്പെട്ട് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുന്നത്. കടൽഭിത്തിയില്ലാത്തയിടങ്ങളിലാണ് കടലേറ്റം രൂക്ഷമാവുന്നത്. കടലാക്രമണ ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ കരിങ്കല്ലുകൾ ഇടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.