വേങ്ങര: നരേന്ദ്രമോദിയെ ഭരണത്തിൽനിന്ന് താഴെ ഇറക്കുന്നതുവരെ യു.ഡി.എഫ്. പ്രവർത്തകർക്ക് വിശ്രമമുണ്ടാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. വേങ്ങരയിൽ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനത്തിനുശേഷം സാമ്പത്തികമേഖലയിൽ നാടിന് ഉയർച്ചയുണ്ടായിട്ടില്ല. കേരളം ഭരിക്കുന്ന ഇടതുസർക്കാർ വികസന മുരടിപ്പ് തുടരുകയാണ്. എന്നാൽ യു.ഡി.എഫ്. ആവശ്യമായ സ്ഥലങ്ങളിൽ ഭാവനാത്മകമായ വികസനപ്രവർത്തനങ്ങളാണ് നടപ്പിൽ വരുത്തിയത്. രാഹുൽഗാന്ധി പ്രധാനമന്ത്രിയായാൽ ഇത്തരം പരിഷ്‌കരങ്ങളെല്ലാം നിർത്തലാക്കും.

എല്ലാ മതവിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ യു.പി.എ.ക്ക് മാത്രമെ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കെ.എ. റഹീം അധ്യക്ഷനായി. കെ.പി.സി.സി. അംഗം പി.എ. ചെറീത്, കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുൽമജീദ്, എ.പി. ഉണ്ണികൃഷ്ണൻ, കൃഷണൻ കോട്ടുമല, സലീം കുരുവമ്പലം, എം.എം. കുട്ടി മൗലവി, ടി.കെ. മൊയ്തീൻകുട്ടി, ചാക്കീരി അബ്ദുൽഹഖ്, കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.