പെരിന്തല്‍മണ്ണ: സര്‍ക്കാര്‍ മേഖലയില്‍ നല്ല സംരംഭങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വകാര്യമേഖലയിലും അത്തരം സംവിധാനങ്ങളുണ്ടാകുമെന്നും അത് സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ പ്രാപ്യമാക്കപ്പെടുമെന്നും മന്ത്രി കെ.ടി. ജലീല്‍. പെരിന്തല്‍മണ്ണയില്‍ ഗവ. ആയുര്‍വേദ ആശുപത്രിയുടെ തറക്കല്ലിടൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നഗരസഭയുടെ നാലാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള വികസന സപ്ലിമെന്റ് പ്രകാശനവും ഭൂരഹിതരായ 400 കുടുംബങ്ങള്‍ക്ക് ഭവനസമുച്ചയം നിര്‍മിക്കുന്നതിലേക്ക് കമ്പനികളും വ്യക്തികളും നല്‍കുന്ന സംഭാവന ഏറ്റുവാങ്ങലും മന്ത്രി നിര്‍വഹിച്ചു.

പി.ടി. ഗ്രൂപ്പ് ചെയര്‍മാന്‍ പി.ടി. അന്‍വര്‍, അല്‍ശിഫ ചെയര്‍മാന്‍ ഡോ. പി. ഉണ്ണീന്‍ഹാജി, പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പാറക്കോട്ടില്‍ ഉണ്ണി, മൗലാന ആശുപത്രി ജനറല്‍ മാനേജര്‍ രാംദാസ്, സഫാ ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് ഹനീഫ, തറയില്‍ ഗ്രൂപ്പ് മാനേജര്‍ നൗഷാദ്, പി.എം. ഫിഷ് ഡയറക്ടര്‍ എന്നിവരില്‍നിന്നാണ് ഫണ്ട് സ്വീകരിച്ചത്. നാലുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം പറഞ്ഞു.

ഡി.എം.ഒ. ഐ.എസ്.എം. ഡോ. കെ. സുശീല മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍രാജ്, പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത്, സെക്രട്ടറി എസ്. അബ്ദുള്‍ സജീം, സംസ്ഥാന ഭക്ഷ്യക്കമ്മിഷന്‍ അംഗം വി. രമേശന്‍, ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കബീര്‍, ഫാക്ട്-ആര്‍.സി.എഫ്. എം.ഡി. സി.പി. ദിനേശ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് സലീം, മണ്ണാര്‍ക്കാട് ജി.എ.എച്ച്. മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. മനോജ്കുമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭാംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.