പെരിന്തല്‍മണ്ണ: സഹകരണ പ്രസ്ഥാനത്തെ ആധുനികവത്കരിക്കുമെന്നും ഇതിനായി ദേശസാത്കൃത-പുതുതലമുറ ബാങ്കുകളിലെ സൗകര്യങ്ങളും സംവിധാനങ്ങളും എല്ലാ സഹകരണ സ്ഥാപനങ്ങളിലും കൊണ്ടുവരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പെരിന്തല്‍മണ്ണയില്‍ താലൂക്ക് ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള ബാങ്കിന്റെ രൂപവത്കരണം ഇതിന് ആക്കം കൂട്ടും. നോട്ട് നിരോധന നടപടികളിലൂടെ കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുകകൂടി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. അക്കാലത്ത് കേരളത്തിലെ സഹകരണബാങ്കുകളിലെ മൊത്തം നിക്ഷേപം 1.5 ലക്ഷം കോടിയായിരുന്നു. നിലവിലത് 2.05 ലക്ഷം കോടിയായി ഉയര്‍ന്നു. ഇത് സഹകരണ ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയാണ് തെളിയിക്കുന്നത്. മലപ്പുറം ജില്ലാബാങ്കിലും സഹകരണബാങ്കുകളിലും കള്ളപ്പണമുണ്ടെന്ന ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയില്‍ കണ്ടെത്താനായില്ല. പ്രളയദുരിതാശ്വാസമായി സഹകരണമേഖല 2140 വീടുകള്‍ നിര്‍മിച്ച് വരികയാണ്. ഇതില്‍ 1800 എണ്ണത്തിന്റെ താക്കോദാനം നടത്തി- മന്ത്രി പറഞ്ഞു.