പെരിന്തൽമണ്ണ: ഞായറാഴ്ച മഴകുറയുകയും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ താലൂക്കിൽ പ്രവർത്തിച്ചിരുന്ന 26 ദുരിതാശ്വാസക്യാമ്പുകളിൽ രണ്ടെണ്ണം നിർത്തി. അങ്ങാടിപ്പുറത്തെയും കുരുവമ്പലത്തെയും ഓരോ ക്യാമ്പുകളാണ് നിർത്തിയത്. പലരും വീടുകളിലെത്തി ശുചീകരണമാരംഭിച്ചിട്ടുണ്ട്.

സന്നദ്ധപ്രവർത്തകരുടെയും നാട്ടുകാരുടെയും അധികൃതരുടെയും സഹായത്തോടെയാണ് ശുചീകരണം. മഴ വീണ്ടും കുറയുന്നപക്ഷം തിങ്കളാഴ്ചയോടെ മിക്കവർക്കും സ്വന്തംവീടുകളിലേക്ക് മടങ്ങാനാവും. പലയിടത്തും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. കൂട്ടിലങ്ങാടി കീരംകുണ്ടിൽ വെള്ളക്കെട്ടുള്ളതിനാൽ മലപ്പുറത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ റൂട്ട് ഒഴികെയുള്ളവയിൽ സ്വകാര്യബസ്സുകൾ ഓടിത്തുടങ്ങി. കെ.എസ്.ആർ.ടി.സി. പാലക്കാട് -പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് നടത്തി. 

വെള്ളമിറങ്ങിയ വീടുകളിൽ അതീവജാഗ്രത പുലർത്തണം 

പെരിന്തൽമണ്ണ: വെള്ളംകയറിയ വീടുകളിൽ ശുചീകരണം നടത്തുമ്പോൾ അതീവശ്രദ്ധ പുലർത്തണമെന്നും രോഗങ്ങൾക്കെതിരേ ജാഗ്രത വേണമെന്നും തഹസിൽദാർ പി.ടി. ജാഫറലി അറിയിച്ചു. വീട്ടുകിണറുകളും മറ്റ് ജലസ്രോതസ്സുകളും മലിനമായതിനാൽ ക്ലോറിനേഷൻ നടത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ഇഴജന്തുക്കളെയും മറ്റുവിഷ ജീവികളെയും ശ്രദ്ധിക്കണം. വീടുകളുടെ ചുമരുകൾ കുതിർന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. എലിപ്പനി പോലുള്ള രോഗങ്ങൾക്കുള്ള പ്രതിരോധമരുന്നുകൾ കഴിക്കണം. മരുന്നുകൾ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി വിതരണം ചെയ്തുവരുന്നുണ്ടെന്നും തഹസിൽദാർ അറിയിച്ചു.