കോട്ടയ്ക്കൽ: ‘ആയിരത്തി ഇരുനൂറ്‌ ഉറുപ്യക്ക് വേണ്ടിയാ ഈ അലച്ചിലെല്ലാം. മൂന്നീസത്തെ കഷ്ടപ്പാടാ വേണ്ടിവന്നത്. ജീവനോടെണ്ട്ന്ന് സർക്കാരിനെ ബോധ്യാക്കാൻ’... അക്ഷയ കേന്ദ്രത്തിലെത്തി ജീവിച്ചിരിക്കുന്നതിന് ’തെളിവു’നൽകി പുറത്തിറങ്ങിയ ഖദീജ പറഞ്ഞു. 1200 രൂപ ക്ഷേമപെൻഷനുവേണ്ടി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യത പെൻഷൻ വാങ്ങുന്നവർക്കായതോടെ പെടാപ്പാടാണെങ്ങും. ഇതിനായി നടത്തുന്ന മസ്റ്ററിങ്ങിന് പഞ്ചായത്തുകളിലും അക്ഷയ കേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും കഷ്ടപ്പാടിന്റെ കഥകളാണ് പെൻഷൻ വാങ്ങുന്നവർക്ക് പറയാനുള്ളത്. സെർവർ തകരാറും സാങ്കേതിക പ്രശ്നങ്ങളുമാണ് പ്രശ്നം. അക്ഷയകേന്ദ്രങ്ങളിലും തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ക്യാന്പുകളിലുമായാണ് മസ്റ്ററിങ് നടത്തുന്നത്.

ആവശ്യമായ രേഖകൾ

ആധാർകാർഡ്

പെൻഷൻ ഐഡി.

വിരലടയാളം പതിഞ്ഞില്ലങ്കിൽ

ആധാർ ബന്ധിപ്പിച്ച ഗുണഭോക്താക്കളുടെ വിരലടയാളം ബയോമെട്രിക്കിൽ പതിയുന്നില്ലെങ്കിൽ തദ്ദേശ സെക്രട്ടറിയോ മറ്റുഗസറ്റഡ്‌ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് മുഖേന നടപടി പൂർത്തിയാക്കാം

ഡിസംബർ 15 വരെമാത്രം

മസ്റ്ററിങ് പൂർത്തീകരിക്കുന്നതിനുള്ള സമയം ഡിസംബർ 15 വരെ നീട്ടിയിട്ടുണ്ട്. ഇതിനുള്ളിൽ മസ്റ്ററിങ് ചെയ്തില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല.

രോഗികളെത്തേടി വീട്ടിലെത്തുംവീട്ടിൽ പെൻഷന് അർഹരായ കിടപ്പുരോഗികളുണ്ടെങ്കിൽ വാർഡ് അംഗത്തെ അറിയിക്കണം. അക്ഷയകേന്ദ്രത്തിലെ ജീവനക്കാർ വീട്ടിലെത്തി വിവരംരേഖപ്പെടുത്തും

ഒന്നിലധികം പെൻഷനുള്ളവർ

സാമൂഹികക്ഷേമ പെൻഷനൊപ്പം ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ ഓരോന്നിനും പ്രത്യേക മസ്റ്ററിങ് നടത്തണം. അക്ഷയകേന്ദ്രങ്ങളിൽ ഒറ്റത്തവണയായി ഇതുചെയ്യും. പെൻഷൻ വാങ്ങുന്നതിനായി ലൈഫ് സർട്ടിഫിക്കറ്റ് നൽകിയവരും

ഓൺലൈൻ മസ്റ്ററിങ് നടത്തണം

ജില്ലയിൽ ഇതുവരെ മസ്റ്ററിങ് പൂർത്തീകരിച്ചത് 250000പേർ. പട്ടികയിലുള്ളവർ 483925

സർക്കാർ ഭിന്നശേഷിക്കാരെ വലയ്ക്കുന്നു

അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് തിരക്കേറിയ സ്ഥലത്തെ ബഹുനിലക്കെട്ടിടങ്ങളിലാണ്. ചക്രക്കസേരകളിൽ കഴിയുന്ന ഭിന്നശേഷിക്കാർക്ക് അവിടേക്ക് എത്താൻ രണ്ടോമൂന്നോ ആളുകളുടെ സഹായം ആവശ്യമാണ്. ജനനമരണ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്ന സംസ്ഥാനത്ത് മസ്റ്ററിങ് നടത്തുന്നത് ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ മാത്രമാണ് ബഷീർ മമ്പുറം ഡിഫ്‌റന്റ്‌ലി ഏബിൾഡ് പീപ്പിൾസ് ലീഗ് ജില്ലാ പ്രസിഡന്റ്

നെറ്റ്‌വർക്ക് പ്രശ്നം പരിഹരിച്ചിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങൾ വഴി സൗജന്യമായിട്ടാണ് മസ്റ്ററിങ് നടത്തുന്നത്. ജില്ലയിൽ പത്ത്ദിവസംകൊണ്ട് പകുതിയോളംപേർ മസ്റ്ററിങ് പൂർത്തിയാക്കി.

പി.ജി. ഗോകുൽ

അക്ഷയജില്ലാ പ്രോജക്ട് മാനേജർ