പട്ടിക്കാട്: വിവിധ മേഖലകളിൽ തങ്ങളുടേതായ കഴിവുകൾ തെളിയിച്ച് മുന്നേറുന്ന വനിതകൾ ഇനി വീടുനിർമാണത്തിനും. വെട്ടത്തൂരിലാണ് കുടുംബശ്രീ വനിതകൾ വീടുനിർമാണവുമായി രംഗത്ത് വന്നിരിക്കുന്നത്.
കുടുംബശ്രീ ജില്ലാമിഷനുകീഴിൽ ജില്ലയിൽ ആദ്യമായി നടത്തുന്ന വനിതാമേസൻ പരിശീലനത്തിനും വീട് നിർമാണത്തിനും വെട്ടത്തൂരിൽ തുടക്കമായി. ജില്ലയിൽ ആദ്യമായിട്ടാണ് കുടുംബശ്രീ മേസൻ പരിശീലനം കഴിഞ്ഞവരുടെ നേതൃത്വത്തിൽ വീടുനിർമാണം നടക്കുന്നത്. കേന്ദ്ര സർക്കാറിന്റെ തൊഴിൽ നൈപുണ്യ പദ്ധതിയായ ദീൻദയാൽ ഉപദ്ധ്യായ കൗസല്യ യോജന പദ്ധതിയുടെ ഭാഗമായി മലപ്പുറം സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്റെ കീഴിലാണ് കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ പരിശീലനം ലഭിച്ച 15 വനിതകളാണ് വെട്ടത്തൂരിൽ നിർമണം നടത്തുന്നത്.
ലൈഫ്ഭവനപദ്ധതിയിൽ വീട് അനുവദിച്ച കുടുംബശ്രീ അംഗം വെട്ടത്തൂർ എട്ടാംവാർഡ് പൂരോണക്കുന്നിലെ കത്തലാട്ട് വേശുവിനാണ് ആദ്യ വീട് നിർമിക്കുന്നത്. ഇതിന്റെ കട്ടിളവെപ്പ് കർമ്മം കഴിഞ്ഞദിവസം നടന്നു.
വെട്ടത്തൂർ പഞ്ചായത്ത് സി.ഡി.എസ്. പ്രസിഡന്റ് എ.ടി. ജയശ്രീ കട്ടിളവെപ്പ് നിർവഹിച്ചു. മലപ്പുറം കുടുംബശ്രീമിഷൻ ജില്ലാ പ്രോഗ്രാം മാനേജർ കെ.പി. ജിനേഷ് അധ്യക്ഷനായി. ബ്ലോക്ക് കോ-ഓർഡിനേറ്റർ സി.ആർ. രാഗേഷ്, കെ. നിഷ, പി. അനൂപ്, എ. സുജിത്ത്, പി. ബ്രഹാമദാസൻ എന്നിവർ പ്രസംഗിച്ചു.