പട്ടിക്കാട്: വിദ്യാലയമുറ്റത്തേക്കത്തെിയപ്പോൾ അവരിൽ നിറഞ്ഞത് കുട്ടിക്കാലത്തെ ഓർമകൾ. പഠനവും കളിയും ചിരിയുമായി നടന്ന രണ്ടരപ്പതിറ്റാണ്ട് മുമ്പുള്ള കാലത്തെ ഏഴുവർഷങ്ങൾ നല്ല അനുഭവങ്ങളുടേതുകൂടിയായിരുന്നു അവർക്ക്. ഗൃഹാതുരതയുടെ ഓർമകളുംപേറി അധ്യാപകരും എത്തിയപ്പോൾ അനിർവചനീയമായ അനുഭവമായി അത്. 1986-93 വർഷത്തിൽ ഒന്നുമുതൽ ഏഴാംക്ളാസ് വരെ മണ്ണാർമല പച്ചീരി എ.യു.പി.സ്കൂളിൽ പഠിച്ച വിദ്യാർഥികളും പഠിപ്പിച്ച അധ്യാപകരുമാണ് സ്കൂളിൽ ഒത്തുചേർന്നത്. എഴുപതോളം വിദ്യാർഥികളും മുപ്പതോളം അധ്യാപകരും സംഗമത്തിനത്തെി. മുഴുവൻ അധ്യാപകരെയും പൊന്നാടണിയിച്ച് ആദരിച്ചു.
മുൻ പ്രഥമാധ്യാപിക എം.ടി. ആസ്യ സംഗമം ഉദ്ഘാടനംചെയ്തു. കെ.എം. മൗലവി അധ്യക്ഷതവഹിച്ചു. മുൻ അധ്യാപകരായ ഗോവിന്ദവാരിയർ, സുന്ദരൻ, സൽമാൻ ബാവ, ശ്രീധരൻ, ഫാത്തിമ, ഹംസ, ബീരാൻ, കല്ലിങ്ങൽ മുഹമ്മദ്, രാധമ്മ, ലക്ഷ്മിക്കുട്ടി, ഉമാദേവി, അശ്വിൻകുമാർ, മോഹൻകുമാർ, മജീദ്, ദിനേഷ് മണ്ണാർമല, സക്കീർ മണ്ണാർമല എന്നിവർ പ്രസംഗിച്ചു.