പരപ്പനങ്ങാടി: പോക്സോ കേസിൽ ഒളിവിൽപ്പോയ യുവാവിനെ പരപ്പനങ്ങാടി പോലീസ് പിടികൂടി. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി കിഴക്കേപുരയ്ക്കൽ ഉമ്മറലി(22)യെയാണ് എസ്.ഐ കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചെട്ടിപ്പടിയിലെ ഉത്സവപ്പറമ്പിൽനിന്ന് തിങ്കളാഴ്ച രാത്രി പതിനൊന്നോടെ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് ഇയാൾ മുങ്ങിയത്. 2016-ൽ വധശ്രമക്കേസിലും 2018-ൽ തമിഴ്നാട് സ്വദേശിയുടെ ബാഗ് തട്ടിപ്പറിച്ച് 50,000 രൂപ കവർന്ന കേസിലും പ്രതിയാണ്.
2019-ൽ കൂട്ടുമൂച്ചിക്ക് സമീപം കൊടക്കാട് വെച്ച് കാർ തകർത്ത് യാത്രക്കാരെ ആക്രമിച്ച സംഭവത്തിലും അരിയല്ലൂരിൽ മത്സ്യക്കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും ഇയാൾക്കെതിരേ കേസുള്ളതായും പ്രതി മുൻപ് ജയിൽവാസമനുഷ്ഠിച്ചതായും പോലീസ് പറഞ്ഞു.
സി.പി.ഒമാരായ ജിനു, വിപിൻ, മൻസൂർ എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.
Content Highlights: youth arrested in pocso case in parappanangadi