പരപ്പനങ്ങാടി : ഓൺലൈനായി പഠിക്കാൻ റെയ്ഞ്ച് കിട്ടാത്തതിനാൽ പഠനംമുടങ്ങി ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തെ നാനൂറോളം വീടുകളിലെ വിദ്യാർഥികൾ. പ്രദേശത്ത് മൊബൈൽ റെയ്ഞ്ച് കിട്ടാതായതോടെയാണ് ഓൺലൈൻ പഠനം പരിധിക്കുപുറത്തായത്. ചെട്ടിപ്പടി ടൗണിൽ വിവിധ ടെലികോം കമ്പനികളുടെ ടവർ ഉണ്ടെങ്കിലും തീരദേശമേഖലയായതിനാൽ കടലിന്റെ നോട്ടിക്കൽ ദൂരം കണക്കാക്കി സ്ഥാപിച്ചതിനാലാണ് ടൗണിൽനിന്നും ഒരുകിലോമീറ്റർ മാത്രം ദൂരമുള്ള കൊയംകുളം, കുപ്പിവളവ് പ്രദേശത്തുകാർക്ക് റെയ്‌്‌ഞ്ച് കിട്ടാത്തത്. ടവർ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കൊടുക്കാൻ തയ്യാറാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മൊബൈൽ റെയ്ഞ്ച് ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ ടെലികോം കമ്പനി അധികൃതർക്ക് നിവേദനം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.